സജനയും മിന്നുമണിയും ജോഷിതയും ഒരുമിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ
വയനാടൻകുന്നിലെ മൂന്ന് നക്ഷത്രങ്ങൾ

മിന്നുമണിയും (ഇടത്ത്) സജനയും / വി ജെ ജോഷിത

Sports Desk
Published on Jul 12, 2025, 04:41 AM | 1 min read
കൽപ്പറ്റ
‘അഭിമാനനിമിഷമാണിത്. ഒരുമിച്ച് കളിച്ചുവളർന്നവരാണ്. രാജ്യത്തിനായി ഒന്നിച്ചിറങ്ങാൻ കഴിയുന്നതിനപ്പുറം വേറെ സന്തോഷമില്ലല്ലോ’ –- ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവൻ പറയുമ്പോൾ മിന്നുമണിയും ജോഷിതയും ഈ ആഹ്ലാദത്തിനൊപ്പം ചേർന്നു. മൂന്നുപേരും ബംഗളൂരുവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലാണ്.
വയനാട്ടിലെ കുന്നിൻമുകളിൽനിന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ നെറുകയിലെത്തിയ മൂന്നുപേരും ഒരുമിച്ച് ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ്. ആദ്യമായാണ് വയനാട്ടിലെ മൂന്നുതാരങ്ങളും ഒരുമിച്ച് ദേശീയ ടീമിൽ വരുന്നത്. കൃഷ്‌ണഗിരിയുടെ കളിത്തട്ടിൽ വളർന്നവരാണ്. മിന്നുമണിയും സജനയും ഒരേ നാട്ടുകാരുമാണ്. മാനന്തവാടിയിൽ അടുത്തടുത്ത് താമസിക്കുന്നവർ. ജോഷിത കൽപ്പറ്റ സ്വദേശിയാണ്. അപൂർവ നേട്ടത്തിൽ നാടും ആഹ്ലാദത്തിലാണ്. കഴിഞ്ഞ ഒന്നുമുതൽ താരങ്ങൾ ക്യാമ്പിലാണ്. ഇതിനിടയിലാണ് അപൂർവനേട്ടം. 28വരെയാണ് ക്യാമ്പ്. തുടർന്ന് ആഗസ്ത് ഏഴിന് തുടക്കമാകുന്ന പരമ്പരയ്‌ക്ക് ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. മിന്നുമണിയാണ് ടീമിന്റെ വൈസ് ക്യാപ്‌റ്റൻ. ഓസ്‌ട്രേലിയ എ ടീമിനെതിരെ മൂന്നുവീതം ട്വന്റി 20യും ഏകദിനവും ഒരുചതുർദിന ടെസ്‌റ്റുമാണ് കളിക്കുക. ട്വന്റി 20 ടീമിലാണ് മൂന്നുപേരും ഉൾപ്പെട്ടത്. മിന്നുമണിയും ജോഷിതയും എല്ലാ ടീമിലുമുണ്ട്.
കേരള ക്രിക്കറ്റ് അക്കാദമിക് കീഴിലുള്ള കൃഷ്ണഗിരി വയനാട് ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് മൂന്നുപേരും രാജ്യാന്തര താരങ്ങളായത്. ഇവരിലൂടെ വയനാടൻ കായികമേഖല ദേശീയ ശ്രദ്ധയിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ 2010ൽ തുടക്കമിട്ട വിഷൻ ട്വന്റി20 പദ്ധതിയിലൂടെയാണ് വയനാട്ടിൽ വനിതാ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതും താരങ്ങളെ വളർത്തിയെടുത്തതും.
2023ൽ ബംഗ്ലാദേശ് പര്യടനത്തിലൂടെ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച മിന്നുമണി ഇംഗ്ലണ്ട് എ, ഓസ്‌ട്രേലിയ എ ടീമിനെതിരെ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ പര്യടനം നടത്തിയ സീനിയർ ടീമിലും കളിച്ചു.
സജന സജീവൻ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി തിളങ്ങിയതോടെയാണ് ദേശീയ ടീമിലെത്തിയത്. കഴിഞ്ഞ സെപ്‌തംബറിൽ നടന്ന ട്വന്റി- 20 ലോകകപ്പിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കും ഓസ്‌ട്രേലിയക്കുമെതിരെ ട്വന്റി- 20 പരമ്പരയിലും കളിച്ചു. ജോഷിത അണ്ടർ-19 ട്വന്റി20 ലോകകപ്പ് നേടിയ ടീം അംഗമായിരുന്നു. അണ്ടർ–-19 ഏഷ്യ കപ്പിലുമുണ്ടായിരുന്നു.










0 comments