സൂര്യവംശിയെപ്പോലൊരു ബാറ്ററെ പിഎസ്എൽ സൃഷ്ടിച്ചോ?; രൂക്ഷ വിമർശനവുമായി വസീം അക്രം

ലാഹോർ: ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി പാകിസ്ഥാൻ സൂപ്പർ ലീഗിനെ (പിഎസ്എൽ) വിമർശിച്ച് വസീം അക്രം. ഐപിഎല്ലിനെ അപേക്ഷിച്ച് യുവ ബാറ്റിങ് പ്രതിഭകളെ വളർത്തുന്നതിൽ പിഎസ്എൽ പിന്നിലാണെന്നാണ് മുൻ ക്യാപ്റ്റന്റെ വിലയിരുത്തൽ.
15 കാരനായ സൂര്യവംശി തുടർച്ചയായ മികച്ച ഐപിഎൽ പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് ഏറ്റവും പ്രായം കുറഞ്ഞ രാജ്യാന്തര അരങ്ങേറ്റക്കാരനായി മാറിയിരുന്നു. “പിഎസ്എൽ ആരംഭിച്ചിട്ട് 10 വർഷമായി. എന്നാൽ മികച്ചൊരു ബാറ്റിങ് പ്രതിഭയെ നമുക്ക് വളർത്തിയെടുക്കാനായോ? ചില മികച്ച ബൗളർമാരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ സൂര്യവംശിയെപ്പോലൊരു ബാറ്റിങ് പ്രതിഭയെ വളർത്തിയെടുക്കുമ്പോഴാണ് യഥാർഥ പുരോഗതി ഉണ്ടാകുക,” അക്രം പറഞ്ഞു.
പാകിസ്ഥാനിൽ ക്ലബ് ക്രിക്കറ്റ് സംവിധാനം പുനരുജ്ജീവിപ്പിക്കണമെന്നും അക്രം ആവശ്യപ്പെട്ടു. പുതിയ പ്രതിഭകളുടെ വളർച്ചയ്ക്ക് ക്ലബ് ക്രിക്കറ്റാണ് അടിത്തറയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കറാച്ചിയിലും ലാഹോറിലും ക്ലബ് ക്രിക്കറ്റിനായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് 100 ദശലക്ഷം രൂപ വീതം ചെലവഴിക്കണമെന്നും അക്രം അഭിപ്രായപ്പെട്ടു.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് കോച്ചും മെന്ററുമായിരുന്ന അക്രം ടീമിനൊപ്പം രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്. പിഎസ്എല്ലിൽ ഇസ്ലാമാബാദ് യുണൈറ്റഡ്, മുൽത്താൻ സുൽത്താൻസ്, കറാച്ചി കിംഗ്സ് ടീമുകളിലും പരിശീലക-മെന്റർ ചുമതലകൾ വഹിച്ചിട്ടുണ്ട്.









0 comments