നിരപരാധികളെ അടിച്ചമർത്തുന്നതിനുള്ള ഉപാധിയായി ഗുണ്ട ആക്ട് ദുരുപയോഗിക്കരുത്; രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹെെക്കോടതി

ലക്നൗ: ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്ന ഗുണ്ട ആക്ടിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് അലഹബാദ് ഹെെക്കോടതി. കോടതിയിൽ എത്തുന്ന കേസിന്റെ അളവനുസരിച്ച് നോക്കുമ്പോൾ തുടർച്ചയായി സംസ്ഥാനം ഗുണ്ട ആക്ട് പ്രയോഗിച്ച് അടിച്ചമർത്തൽ തുടരുകയാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. 1970 ലെ ഗുണ്ട നിയന്ത്രണ നിയമ പ്രകാരം ഗുണ്ട ലിസ്റ്റിൽ പെടുത്തിയിരിക്കുന്ന വ്യക്തിയെ അതിൽ നിന്ന് മോചിപ്പിക്കുകയും ആറ് മാസം നാടുകടത്തുകയും ചെയ്ത തീരുമാനം തള്ളികയും ചെയ്തുകൊണ്ട് ജഡ്ജി സുഭാഷ് വിദ്യാർഥി ഇങ്ങനെ പറഞ്ഞു.
‘ഗുണ്ട’കളെ നിയന്ത്രിക്കുന്നതിനും അടിച്ചമർത്തുന്നതിനുമുള്ള ശക്തമായ നിയമോപകരണമാണ് ഗുണ്ടാ ആക്ട് എന്ന് കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വ്യക്തമായ ‘പൊതുസമാധാന ലംഘനം’ ഉണ്ടായിരിക്കുന്ന സാഹചര്യങ്ങളിലോ ‘പൊതുസമാധാനം’നിലനിർത്തുന്നതിനാവശ്യമായ സാഹചര്യങ്ങളിലോ മാത്രമായി, ഈ നിയമം വളരെ അപൂർവമായും അതീവ ജാഗ്രതയോടെയും പ്രയോഗിക്കണമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് വിദ്യാർഥി വീണ്ടും വ്യക്തമാക്കി- ഈ നിയമം നിരപരാധികളായ വ്യക്തികളെ അടിച്ചമർത്തുന്നതിനുള്ള ഒരു ഉപാധിയായി ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്. ഗൗരവമേറിയ കുറ്റത്തിൽ ഒരാൾ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടാതെയും ശിക്ഷിക്കപ്പെടുക എന്നതല്ല ഈ നിയമത്തിന്റെ ഉദ്ദേശ്യം- അദ്ദേഹം നിരീക്ഷിച്ചു








0 comments