സ്കൂളിലെത്താൻ അപകടകരമായ യാത്ര; കയറിൽ ബന്ധിച്ച ഇരുമ്പ് ചങ്ങാടത്തിൽ നദി കടന്ന് കുട്ടികൾ

ബിഹാറിലെ വെള്ളപ്പൊക്കത്തെ തുടർന്ന് മുഹാനെ നദി കടന്ന് സ്കൂളിലെത്താൻ കയറിൽ ബന്ധിച്ച ഇരുമ്പ് ചങ്ങാടം ഉപയോഗിച്ച് യാത്ര ചെയ്യുന്ന കുട്ടികൾ
പട്ന: ബിഹാറിലെ വെള്ളപ്പൊക്കത്തെ തുടർന്ന് മുഹാനെ നദി കടന്ന് സ്കൂളിലെത്താൻ കയറിൽ ബന്ധിച്ച ഇരുമ്പ് ചങ്ങാടം ഉപയോഗിച്ച് കുട്ടികൾ യാത്ര ചെയ്യുന്നത് ആശങ്കയാകുന്നു. ബർഹ് ജില്ലയിലെ ഏകദംഗ പഞ്ചായത്തിലെ കുട്ടികളാണ് നദിക്കപ്പുറത്തുള്ള സർക്കാർ പ്രൈമറി സ്കൂളിൽ എത്താൻ ഇരുമ്പ് ചങ്ങാടം ഉപയോഗിക്കുന്നത്
മുതിർന്നവരുടെ സഹായമില്ലാതെ കുട്ടികൾ അപകടകരമായ രീതിയിൽ നദി കടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഗംഗയിലെ ജലനിരപ്പ് ഉയർന്നതോടെ മുഹാനെ നദിയിലും വെള്ളം കയറിയിരിക്കുകയാണ്.
താൽക്കാലിക പാലത്തിനായി ഉപയോഗിച്ചിരുന്ന വലിയ ഇരുമ്പ് ഫ്ലോട്ട്, കയറുപയോഗിച്ച് ബന്ധിച്ചാണ് നാട്ടുകാർ നദി മുറിച്ചുകടക്കുന്നത്. ഇതേ സംവിധാനമാണ് കുട്ടികളും സ്കൂളിലേക്കുള്ള യാത്രയ്ക്ക് ആശ്രയിക്കുന്നത്.
കുട്ടികളുടെ നദി കടക്കൽ അപകടകരമാണെന്ന് സ്കൂളിലെ ചുമതലയുള്ള അധ്യാപകൻ ആദർശ് അനികേത് പറഞ്ഞു. രക്ഷിതാക്കൾ കുട്ടികളെ അനുഗമിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും പലരും ജോലിക്ക് പോകുന്നതിനാൽ കുട്ടികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
സ്കൂളിലെത്താൻ ഏകദേശം രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് മാർഗം നിലവിലുണ്ടെന്ന് ബർഹ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അമിത് കുമാർ പറഞ്ഞു. കുട്ടികളെ സുരക്ഷിതമായ റോഡ് മാർഗം സ്കൂളിലേക്ക് അയക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നദിയിലെ ജലനിരപ്പ് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.









0 comments