'ചിലയിടത്ത് അനാവശ്യമായി വൈദ്യുതി ഓഫ് ചെയ്യുന്നു'; പവർ കട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെ പഴിചാരി മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആസൂത്രണ പാളിച്ചയിൽ അടിച്ചേൽപ്പിക്കപ്പെട്ട ലോഡ്‌ഷെഡ്‌ഡിങിൽ ജനം നട്ടംതിരിയുമ്പോൾ കെഎസ്ഇബി ഉദ്യോഗസ്ഥരെ പഴിചാരി മുഖ്യമന്ത്രി വി ഡി സതീശൻ. പ്രശ്നം വഷളാകട്ടെ എന്ന് കരുതി ചിലയിടത്ത് അനാവശ്യമായി നാലും അഞ്ചും തവണയൊക്കെ വൈദ്യുതി ഓഫ് ചെയ്യുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രഖ്യാപിക്കുന്ന സമയത്തല്ല പവർകട്ട് എന്നത് ജനങ്ങളുടെ പരാതിയാണ്. ചിലയിടത്ത് അത് സ്വാഭാവികമായി സംഭവിക്കുന്നുണ്ട്. ചിലയിടത്ത് അങ്ങ് ഓഫ് ചെയ്യുകയാണ്. മൊത്തം കുളമാകട്ടെ എന്ന് കരുതി കുറേ പ്രാവശ്യം അങ്ങ് ഓഫ് ചെയ്യുകയാണ്. അത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്'- എന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. പുനരുപയോഗ എനർജി എന്ന് പറയുമ്പോൾ കെഎസ്ഇബിയിലെ ചിലർക്ക് ചൊറിച്ചിലാണെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പില്ലാത്ത വൈദ്യുതി നിയന്ത്രണംമൂലമുള്ള പ്രതിസന്ധി കടുത്തിട്ടും പൂർണമായി കയ്യൊഴിയുകയാണ് സർക്കാർ. അധികൃതർക്കാകട്ടെ അനക്കമില്ല. വൈദ്യുതിലഭ്യത ഉറപ്പാക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ, വൈകിട്ട് ആറ് മുതൽ ഉപയോഗം പരമാവധി കുറയ്‌ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയിൽ 800–900 മെഗാവാട്ട് കുറവാണുണ്ടാകുന്നത്.
ഗ്രാമ–നഗര വ്യത്യാസമില്ലാതെ പലയിടത്തും രാത്രി ഒന്നു മുതല്‍ രണ്ടര മണിക്കൂര്‍ വരെ വൈദ്യുതി നിലയ്‌ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു മണിക്കൂർവരെ വൈദ്യുതി മുടങ്ങിയെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിച്ചു. ഇടവിട്ട് വൈദ്യുതി മുടങ്ങുന്നത് വലിയ നഷ്‌ടമാണ് കച്ചവടക്കാർക്കും ചെറുകിട വ്യാപാരികള്‍ക്കും ഉണ്ടാകുന്നത്. ഫ്രിജ് ഓഫാകുന്നത് മൂലം ഭക്ഷ്യവസ്‌തുക്കൾ ചീത്തയാകുന്നുണ്ടെന്ന് കച്ചവടക്കാർ പരാതിപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ തേടിയെത്തുന്നവരെ മൊബൈൽവെട്ടത്തിൽ ചികിത്സിക്കേണ്ട സ്ഥിതിയാണ് ആശുപത്രികളിൽ. കുട്ടികളുടെ പഠനവും മുടങ്ങുന്നു.









0 comments