ഫ്രാൻസിൽ ട്രെയിൻ പാളം തെറ്റി 44 പേർക്ക് പരിക്ക്; അട്ടിമറിയെന്ന് സംശയം

പാരിസ്: ഫ്രാൻസിലെ നോർമണ്ടിയിൽ യാത്രാ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 44 പേർക്ക് പരിക്ക്. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്ന സംശയത്തിൽ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. റുവാനിൽനിന്ന് കാനിലേക്കു പോകുകയായിരുന്ന പ്രാദേശിക ട്രെയിനാണ് വെള്ളിയാഴ്ച വൈകിട്ട് ക്ലിയോൺ മേഖലയിൽ പാളം തെറ്റിയത്. ട്രെയിനിൽ 186 യാത്രക്കാരുണ്ടായിരുന്നു.
പരിക്കേറ്റവരിൽ 18 വയസ്സുകാരിയുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്ററിൽ റുവാൻ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് താരതമ്യേന ലഘുവായ പരിക്കുകളാണ് റിപ്പോർട്ട് ചെയ്തത്. അപകടത്തിന് പിന്നാലെ നൂറിലധികം അഗ്നിരക്ഷാ പ്രവർത്തകരും അടിയന്തര സേവന സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കില്ലാത്ത യാത്രക്കാരെ സമീപത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് 7.30–7.45ഓടെയാണ് അപകടമുണ്ടായത്. ക്ലിയോണിനും ടൂർവിൽ-ലാ-റിവിയേറിനും സമീപത്തെ പാതയിലാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തെ തുടർന്ന് ഈ മേഖലയിലെ റെയിൽ ഗതാഗതം നിർത്തിവയ്ക്കുകയും രക്ഷാപ്രവർത്തനത്തിനായി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. റുവാൻ, കാൻ, ലെ ഹാവ്ര് മേഖലകളിലേക്കുള്ള റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
അപകടസ്ഥലത്തെ ട്രാക്കിൽ റെയിലിന്റെ ഒരു ഇരുമ്പുകഷ്ണം കണ്ടെത്തിയതാണ് അട്ടിമറി സംശയത്തിന് കാരണം. ഈ കഷ്ണം പാളത്തിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ ഇത് ആരോ മനപ്പൂർവം കൊണ്ട് വെച്ചതാണോ അതോ പാളത്തിൽ നിന്ന് തന്നെ ഒടിഞ്ഞു വീണതാണോ എന്ന് വ്യക്തമല്ല. റുവാൻ പ്രോസിക്യൂട്ടറുടെ ഓഫീസിന്റെ മേൽനോട്ടത്തിൽ ജുഡീഷ്യൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
പാളത്തിലെ ഇരുമ്പുകഷ്ണം ഒരു പ്രധാന തെളിവാണെങ്കിലും, ഇപ്പോൾ തന്നെ അട്ടിമറിയാണെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. സാങ്കേതിക പരിശോധനകളും തെളിവെടുപ്പും തുടരുകയാണ്.









0 comments