print edition ജയം തുലച്ചു; ഇന്ത്യ ഇംഗ്ലണ്ടിനോട് നാല് റണ്ണിന് തോറ്റു

ഇൻഡോർ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ അപകടമുഖത്ത്. ഇംഗ്ലണ്ടിനെതിരെ ജയത്തിന്റെ വക്കിൽനിന്ന് വഴുതിയ ഇന്ത്യ തുടർച്ചയായ മൂന്നാം തോൽവിയാണ് വഴങ്ങിയത്. നാല് റൺ ജയത്തോടെ ഇംഗ്ലണ്ട് സെമിയിലെത്തി. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും സെമി ഉറപ്പാക്കിയിരുന്നു. സ്‌കോർ: ഇംഗ്ലണ്ട് 288/8; ഇന്ത്യ 284/6.
289 റൺ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന ഓവറുകളിലാണ് കളി കൈവിട്ടത്. മൂന്നോവറിൽ നാല് വിക്കറ്റ് ശേഷിക്കെ 27 റണ്ണായിരുന്നു ലക്ഷ്യം. അവസാന ഓവറിൽ 14ഉം. എന്നാൽ അമൻജോത് കൗറിനും (18) സ്‌നേഹ് റാണയ്‌ക്കും (10) ലക്ഷ്യം നേടാനായില്ല. 94 പന്തിൽ 88 റണ്ണെടുത്ത സ്‌മൃതി മന്ദാനയുടെയും 70 പന്തിൽ 70 റണ്ണെടുത്ത ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറിന്റെയും പോരാട്ടം പാഴായി. ദീപ്‌തി ശർമ 57 പന്തിൽ 50 റണ്ണെടുത്തു.
42 റണ്ണെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ മന്ദാനയും ഹർമൻപ്രീതും ചേർന്നാണ് തിരികെ കൊണ്ടുവന്നത്. 122 പന്തിൽ 125 റണ്ണാണ് ഇരുവരും ചേർന്ന് നേടിയത്. പത്ത് ഫോറുമായി മികച്ച പ്രകടനം പുറത്തെടുത്ത ഹർമൻപ്രീത് 31–ാമത്തെ ഓവറിൽ പുറത്താകുകയായിരുന്നു. മൂന്നിന് 170 റണ്ണെന്ന നിലയിലായിരുന്നു ആ ഘട്ടത്തിൽ ടീം.
തുടർന്ന് മന്ദാനയും ദീപ്‌തിയും ഒത്തുചേർന്നു. ഇൗ സഖ്യം 66 പന്തിൽ 67 റണ്ണാണ് നേടിയത്. 42–ാമത്തെ ഓവറിൽ സ്‌മിത്തിന്റെ പന്തിൽ മന്ദാന പുറത്തായതോടെ കളി മാറിത്തുടങ്ങി. റിച്ചാ ഘോഷും (8) ദീപ്‌തിയും അനാവശ്യ ഷോട്ടിൽ മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങുകയായിരുന്നു.
ഹീതർ നൈറ്റിന്റെ (91 പന്തിൽ 109) സെഞ്ചുറിയിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോർ നേടിയത്. ഇന്ത്യൻ ബൗളർമാരിൽ ദീപ്‌തി നാല് വിക്കറ്റ് നേടി. ഏകദിനത്തിൽ 150 വിക്കറ്റും തികച്ചു. 23ന് ന്യൂസിലൻഡുമായാണ് അടുത്ത മത്സരം. ജയിച്ചാൽ സെമി സാധ്യത നിലനിർത്താം.









0 comments