print edition ഡൽഹിക്ക് ശ്വസിക്കണം ; പ്രതിഷേധമുയര്‍ത്തി എംപിമാര്‍

ന്യൂഡൽഹി
ഡൽഹിയിലും മറ്റ് വടക്കേ ഇന്ത്യൻ നഗരങ്ങളിലും രൂക്ഷമായി തുടരുന്ന വായുമലിനീകരണം കുറയ്‌ക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം. റെസ്‍പിറേറ്റര്‍ മാസ്‍ക് അടക്കം ധരിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെയും മുദ്രാവാക്യമുയര്‍ന്നു. ശുദ്ധവായു അവകാശമാണെന്നതടക്കമുള്ള പ്ലക്കാർഡുകളുയര്‍ത്തിയ എംപിമാർ വിഷയത്തിൽ പ്രസ്‌താവനകളവസാനിപ്പിച്ച് നടപടികളെടുക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വായുമലിനീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും ചെയ്‌തു.
എന്തെങ്കിലും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കുട്ടികൾ മരിക്കുകയാണെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത മുതിര്‍ന്ന കോൺഗ്രസ് നേതാവും എംപിയുമായ സോണിയാ ഗാന്ധി പറഞ്ഞു. എന്നെപ്പോലുള്ള വയോധികരും ശ്വസിക്കാൻ ബുദ്ധിമുട്ടുകയാണെന്നും സോണിയ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡൽഹിയിലെ വായുഗുണനിലവാരം ഇൗ വർഷം 134 ദിവസവും മോശമായിരുന്നെന്ന് കാലാവസ്ഥാ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. 200 ദിവസത്തിൽ ഒറ്റ ദിവസം പോലും ഡൽഹിക്കാർ ശുദ്ധവായു ശ്വസിച്ചില്ലെന്നും സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം പറഞ്ഞു. ഡൽഹിയിലെ വായു മലിനീകരണം വ്യാഴാഴ്‌ചയും ‘അതീവ മോശം’ സ്ഥിതിയിൽ തുടരുകയാണ്. വ്യാഴാഴ്‌ച വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് 304.







0 comments