ad
Deshabhimani

കഠിനാധ്വാനത്തിന്റെ ആറ് വർഷങ്ങൾ; വൈഭവ് സൂര്യവംശിയുടെ പരിശീലന രഹസ്യങ്ങൾ വെളിപ്പെടുത്തി മുൻ പരിശീലകൻ

vaibhav with coach

വൈഭവ് സൂര്യവംശി മുൻ പരിശീലകൻ മനീഷ് ഓജക്ക് ഒപ്പം | Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 15, 2026, 01:35 PM | 2 min read

പട്ന: കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ സിക്സറുകളുടെ പൂരമൊരുക്കി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ വൈഭവ് സൂര്യവംശിയുടെ ഈ അസാമാന്യ ബാറ്റിങ് മികവിന് പിന്നിൽ ആറ് വർഷത്തെ കഠിനാധ്വാനമുണ്ടെന്ന് മുൻ പരിശീലകൻ മനീഷ് ഓജ.


വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഈ ബാറ്റിംഗ് വിസ്മയം, ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 237-ലധികം സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടി ടോപ്പ് സ്കോററായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഇന്ത്യൻ ട്വന്റി 20 ടീമിലേക്ക് യുകെ പര്യടനത്തിനായുള്ള വിളി വന്നത്.


ദിനംപ്രതി 100 ഓവർ പരിശീലനം


വൈഭവിന് എട്ട് വയസ്സുള്ളപ്പോൾ മുതൽ പട്നയിലെ തന്റെ അക്കാദമിയിൽ പരിശീലിപ്പിച്ച മനീഷ് ഓജ, താരത്തിന്റെ കളി മെച്ചപ്പെടുത്താൻ മാതാപിതാക്കളായ സഞ്ജീവും ആരതിയും ചെയ്ത ത്യാഗങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു.


ടെന്നീസ് ബോളിൽ നിന്നും ഹാർഡ് ബോളിലേക്ക് മാറിയ പത്താം വയസ്സ് മുതൽ ദിവസവും കുറഞ്ഞത് 600 പന്തുകളെങ്കിലും (100 ഓവർ) വൈഭവ് നേരിടുമായിരുന്നു.


രാവിലെ 7:30-ന് ആരംഭിക്കുന്ന നെറ്റ് പ്രാക്ടീസ് വൈകുന്നേരം 4 മണി വരെ നീളും. ആദ്യത്തെ 200-300 പന്തുകൾ ഓജ തന്നെയായിരുന്നു ത്രോഡൗൺ നൽകിയിരുന്നത്.


അദ്ദേഹം തളരുമ്പോൾ അക്കാദമിയിലെ മറ്റ് ജീവനക്കാരും ബൗളർമാരും ബൗളിംഗ് മെഷീനും മാറിമാറി വൈഭവിനെ പരിശീലിപ്പിച്ചു


വർഷങ്ങളായി തുടരുന്ന ഈ ആവർത്തനമാണ് വൈഭവിന്റെ ബാറ്റിംഗിൽ മികച്ച 'മസിൽ മെമ്മറി' സൃഷ്ടിച്ചതെന്നും അത് പോസിറ്റീവ് ഫലമായി മാറിയതാണെന്നും ഓജ വിശദീകരിച്ചു.


മാതാപിതാക്കളുടെ വലിയ ത്യാഗം


വൈഭവിനെ ഒരു ചാമ്പ്യനാക്കി മാറ്റുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണെന്ന് ഓജ ഓർക്കുന്നു. സമസ്തിപൂരിൽ നിന്നും രണ്ട് മണിക്കൂറിലധികം യാത്ര ചെയ്താണ് വൈഭവും പിതാവ് സഞ്ജീവും പട്നയിലെ അക്കാദമിയിൽ എത്തിയിരുന്നത്.


ഇതിനായി പുലർച്ചെ 2 മണിക്ക് എഴുന്നേൽക്കുന്ന അമ്മ ആരതി, വൈഭവിനും ഭർത്താവിനും ഡ്രൈവർക്കും പുറമെ അക്കാദമിയിലെ നെറ്റ് ബൗളർമാർക്കും, ഭക്ഷണം കൊണ്ടുവരാത്ത മറ്റ് കുട്ടികൾക്കുമായി 10 മുതൽ 15 പേർക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുമായിരുന്നു.


'അടുത്ത വൈഭവ്' ആകാൻ കുട്ടികളുമായി മാതാപിതാക്കൾ


വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയമായ ഈ വളർച്ച കണ്ട്, ഇന്ന് ഇന്ത്യയിലുടനീളമുള്ള മാതാപിതാക്കളുടെ റോൾ മോഡലായി താരം മാറിയിരിക്കുകയാണെന്ന് ഓജ പറഞ്ഞു.


മുൻപൊക്കെ 9-10 വയസ്സുള്ള കുട്ടികളാണ് വന്നിരുന്നതെങ്കിൽ, ഇന്ന് തങ്ങളുടെ കുട്ടികളെ 'അടുത്ത വൈഭവ്' ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അഞ്ച് വയസ്സുള്ള കുട്ടികളെപ്പോലും കൊണ്ട് മാതാപിതാക്കൾ അക്കാദമിയിലേക്ക് വരുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home