കൂറ്റനടി തുടർന്ന് വൈഭവ്; ചേട്ടന്മാരെ തൂക്കിയത് ഏഴ് വീതം സിക്സും ഫോറും, 61 പന്തിൽ 108 റൺസ്

കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിലും ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശി കുതിപ്പ് തുടർന്നിരുന്നു. മഹരാഷ്ട്രയുടെ സീനയർ ബോളർമാരെ തൂക്കിയടിച്ചാണ് പതിനാലുകാരൻ ബിഹാറിനായി സെഞ്ചുറി (108) നേടിയത്. ഒപ്പണറായി ഇറങ്ങി പുറത്താകാതെ നിന്നായിരുന്നു വൈഭവ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. സിക്സർ പറത്തിയായിരുന്നു സെഞ്ചുറി ആഘോഷം. 61 പന്തുകൾ നേരിട്ട താരം ഏഴ് വീതം സിക്സും ഫോറും തൂക്കി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്. ട്വന്റി20 ഫോർമാറ്റിൽ 16 മത്സരങ്ങൾ കളിച്ച വൈഭവ് മൂന്ന് സെഞ്ചറികളാണു കരിയറിൽ സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 38 പന്തിൽ 101 റണ്ണാണ് അന്ന് താരം അടിച്ചുകൂട്ടിയത്.
യൂത്ത് ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന നേട്ടവും വൈഭവ് കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നു. 10 ഇന്നിങ്സുകളിൽനിന്ന് 41 സിക്സറുകളാണ് വൈഭവ് അടിച്ചുകൂട്ടിയത്. 21 ഇന്നിങ്സുകളിൽനിന്ന് 38 സിക്സറുകളടിച്ച ഇന്ത്യൻ താരം ഉൻമുക്ത് ചന്ദിന്റെ റെക്കോർഡാണ് വൈഭവ് തകർത്തത്.
അതേ സമയം മങ്കൂസ് ബാറ്റുമായെത്തി ബോളർമാരെ വിറപ്പിച്ചിരുന്ന ഓസീസ് ഇതിഹാസ താരമാണ് മാത്യു ഹെയ്ഡൻ വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം ഉന്നയിച്ച വാർത്ത മുൻപ് ഈ അടുത്ത് പുറത്ത് വന്നിരുന്നു. ഇന്ത്യയുടെ മുൻ താരവും കമന്ററേറ്ററുമായ രവി ശാസ്ത്രിയാണ് വിവരം പങ്കുവെച്ചത്. ഗുജറാത്തിനെതിരെ കഴിഞ്ഞ ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി നേടിയ സമയത്തായിരുന്നു സംഭവം. തീതുപ്പുന്ന എല്ലാ ബോളർമാരെയും പായിച്ച വൈഭവിന്റെ പ്രകടനമാണ് സംശയത്തിന് കാരണം. ഇവന് 14 വയസാണെന്നത് കരുതുന്നില്ലെന്ന് എന്നോട് ഹെയ്‌ഡൻ പറഞ്ഞു എന്നാണ് ശാസ്ത്രി പങ്കുവെച്ചത്.
അതേസമയം വൈഭവിന്റെ സെഞ്ചുറി നേട്ടം പാഴായി. മഹാരാഷ്ട്ര മൂന്ന് വിക്കറ്റിന് ബിഹാറിനെ വീഴ്ത്തി. ടോസ് നേടിയ മഹാരാഷ്ട്ര ക്യാപ്റ്റൻ പൃഥി ഷാ ബിഹാറിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും വൈഭവിന്റെ ബാറ്റിങ് കരുത്തിൽ നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ബിഹാർ 176 റൺസെടുത്തു. അതേനാണയത്തിൽ തിരിച്ചടിച്ച മഹാരാഷ്ട്ര അഞ്ച് പന്തുകൾ ബാക്കി നിൽക്കെ വിജയം കരസ്ഥമാക്കി. ഓപ്പണറായി എത്തിയ ക്യാപ്റ്റൻ പൃഥ്വി ഷാ അർധ സെഞ്ചുറി (30 പന്തിൽ 66) നേടി.








0 comments