ഐപിഎല്ലിൽ ക്രിസ് ഗെയിലിന്റെ റെക്കോഡ് തകർക്കണം; ആഗ്രഹം തുറന്നു പറഞ്ഞു വൈഭവ്

നാഗ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിനായുള്ള ഒരുക്കങ്ങളിലാണിപ്പോൾ കൗമാര ക്രിക്കറ്റ് പ്രതിഭയായ വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി മികവുറ്റ പ്രകടനം കാഴ്ചവെച്ച താരം ആ ഫോം തുടരുമെന്ന ആത്മവിശ്വാസത്തോടെയാണ് പരിശീലനം തുടരുന്നത്. തന്റെ അതിവേഗ സ്‌ട്രോക്ക്‌പ്ലേയിലൂടെ ക്രിക്കറ്റ് ലോകത്ത് ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിയ വൈഭവിൽ നിന്ന് ആരാധകർ ഈ സീസണിലും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.
പുതിയ സീസണിനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച വൈഭവ്, ടീമിനായി കിരീടം നേടുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. “ഈ സീസണിൽ ടീമിനായി ട്രോഫി നേടുക എന്നതാണ് എന്റെ ലക്ഷ്യം. ട്രോഫി നേടിയാൽ അത് എന്റെ പ്രകടനത്തിനും ഫ്രാഞ്ചൈസിക്കും ഗുണകരമാകും. ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ കഴിയുന്നത്ര സംഭാവന നൽകാൻ ഞാൻ ശ്രമിക്കും,” എന്നാണ് താരം പറഞ്ഞത്.
ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കാലം മുതൽ തന്നെ രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടിംഗ് ടീം തന്നെ നിരീക്ഷിച്ചിരുന്നുവെന്നും വൈഭവ് പറഞ്ഞു. അണ്ടർ-19 മത്സരങ്ങളിലെയും ആഭ്യന്തര മത്സരങ്ങളിലെയും പ്രകടനങ്ങളാണ് ഫ്രാഞ്ചൈസിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ട്രയൽസുകൾ വിജയകരമായി പൂർത്തിയാക്കിയതോടെ രാജസ്ഥാനിൽ ചേരാൻ തീരുമാനിച്ചതായും താരം കൂട്ടിച്ചേർത്തു. “രാജസ്ഥാനൊപ്പം ഞാൻ ഏറെ സന്തുഷ്ടനാണ്. അവർക്കായി കളിക്കാൻ തുടങ്ങിയതോടെ എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളും പുരോഗതിയും ഉണ്ടായി,” എന്നാണ് വൈഭവ് പറഞ്ഞത്.
ഐപിഎല്ലിലെ ഏതെങ്കിലും റെക്കോർഡ് തകർക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, മുൻ വെസ്റ്റിൻഡീസ് താരമായ ക്രിസ് ഗെയ്ൽ സ്വന്തമാക്കിയ 175 റൺസിന്റെ റെക്കോഡ് തകർക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വൈഭവ് മറുപടി നൽകി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന നിലയിൽ ഗെയ്ലിന്റെ ഈ റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല. 158 റൺസുമായി ബ്രെൻഡൻ മക്കല്ലം ആണ് പട്ടികയിൽ രണ്ടാമത്. ഐപിഎല്ലിന്റെ ആദ്യ സീസണിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയ്ക്കായി മക്കല്ലം നേടിയ ഇന്നിങ്‌സായിരുന്നു അത്.
2025ലെ ഐപിഎൽ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ ടീമിലെത്തിച്ചത്. ഇതോടെ ഐപിഎൽ കരാർ നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായും അദ്ദേഹം മാറി. 14-ാം വയസിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ചുറി നേടിയതോടെ ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി.
അടുത്തിടെ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ മിന്നുന്ന ഇന്നിങ്‌സാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത്. 15 ഫോറുകളും 15 സിക്‌സറുകളും ഉൾപ്പെട്ട ഇന്നിങ്‌സായിരുന്നു അത്. ടൂർണമെന്റിലെ മികച്ച താരമായും വൈഭവ് തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് മത്സരങ്ങളിൽ നിന്ന് 62.71 ശരാശരിയിലും 169.49 സ്‌ട്രൈക്ക് റേറ്റിലും 439 റൺസ് നേടിയ താരം, ഒരു അണ്ടർ 19 ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. 2022ൽ ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ വൈഭവ് മറികടന്നത്.










0 comments