ad
Deshabhimani

ഐസിസി ഹാൾ ഓഫ് ഫെയിമിലേക്ക് സൗരവ് ഗാംഗുലിയും കെവിൻ പീറ്റേഴ്സണും അഞ്ജും ചോപ്രയും

ICC

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 12, 2026, 11:27 AM | 2 min read

ദുബായ്: മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി, ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സൺ, മുൻ ഇന്ത്യൻ വനിതാ ടീം നായിക അഞ്ജും ചോപ്ര എന്നിവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. എഡിൻബർഗിൽ നടന്ന ചടങ്ങിലാണ് ഇവരെ ആദരിച്ചത്. ഇതോടെ ഐസിസി ഹാൾ ഓഫ് ഫെയിം അംഗങ്ങളുടെ ആകെ എണ്ണം 125 ആയി ഉയർന്നു.


ക്രിക്കറ്റിലെ മികച്ച നേട്ടങ്ങളും കായികരംഗത്തെ സ്വാധീനവും പരിഗണിച്ച് 2009 ജനുവരിയിലാണ് ഐസിസി ഈ പുരസ്കാരം ആരംഭിച്ചത്. വിരമിച്ച് അഞ്ച് വർഷം കഴിഞ്ഞ താരങ്ങളെയാണ് ഇതിനായി പരിഗണിക്കാറുള്ളത്.


സൗരവ് ഗാംഗുലി (ഇന്ത്യ)


ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ ഗാംഗുലി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1996-ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം ആദ്യ രണ്ട് ടെസ്റ്റുകളിലും സെഞ്ച്വറി നേടിയിരുന്നു. ടെസ്റ്റിൽ 42.17 ശരാശരിയിൽ 7,212 റൺസും ഏകദിനത്തിൽ 41.02 ശരാശരിയിൽ 11,363 റൺസും നേടി. ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറുമായി ചേർന്ന് 136 ഇന്നിങ്സുകളിൽ നിന്ന് 6,609 റൺസ് എന്ന റെക്കോർഡ് (21 സെഞ്ച്വറി കൂട്ടുകെട്ടുകൾ) അദ്ദേഹം സ്വന്തമാക്കി.


GANGULY


2000-ൽ മാച്ച് ഫിക്സിങ് വിവാദങ്ങൾക്ക് പിന്നാലെ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഗാംഗുലി, വിദേശമണ്ണിൽ ഇന്ത്യയെ ഒരു ശക്തമായ ടീമാക്കി മാറ്റി. അദ്ദേഹത്തിന് കീഴിൽ 2002-ൽ നാറ്റ്‌വെസ്റ്റ് ട്രോഫിയും ചാമ്പ്യൻസ് ട്രോഫിയും നേടിയ ഇന്ത്യ, 2003 ഏകദിന ലോകകപ്പിന്റെ ഫൈനലിലുമെത്തി.


"ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങൾക്കൊപ്പം എന്റെ പേരും ഉൾപ്പെടുത്തിയത് ജീവിതത്തിൽ എപ്പോഴും വിലമതിക്കുന്ന നിമിഷമായിരിക്കും." സൗരവ് ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു


കെവിൻ പീറ്റേഴ്സൺ (ഇംഗ്ലണ്ട്)


തനതായ ബാറ്റിങ് ശൈലിയിലൂടെ ശ്രദ്ധേയനായ ഇംഗ്ലണ്ട് താരം പീറ്റേഴ്സൺ 104 ടെസ്റ്റുകളിൽ നിന്ന് 47.28 ശരാശരിയിൽ 8,181 റൺസ് നേടിയിട്ടുണ്ട്.


തന്റെ ആദ്യ ടെസ്റ്റ് പരമ്പരയായ 2005-ലെ ആഷസിൽ ഒവലിൽ നേടിയ 158 റൺസ് ഇംഗ്ലണ്ടിന് 17 വർഷത്തിന് ശേഷം ആഷസ് കിരീടം നേടിക്കൊടുത്തു. 2012-13ൽ ഇന്ത്യയിൽ 28 വർഷത്തിന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നേടിയപ്പോഴും പീറ്റേഴ്സൺ നിർണ്ണായക പങ്കുവഹിച്ചു.


PETERSON


136 ഏകദിനങ്ങളിൽ നിന്ന് 4,440 റൺസ് നേടിയ അദ്ദേഹം, ഇംഗ്ലണ്ട് കിരീടം ചൂടിയ 2010-ലെ ടി20 ലോകകപ്പിലെ ടൂർണമെന്റിലെ മികച്ച താരവുമായിരുന്നു. 'സ്വിച്ച് ഹിറ്റ്' ഉൾപ്പെടെയുള്ള മനോഹരമായ ഷോട്ടുകളിലൂടെയാണ് അദ്ദേഹം ആരാധകരെ കവർന്നത്.


"ഒരു ക്രിക്കറ്ററിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണിത്. എല്ലാ ഫോർമാറ്റിലും കളിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ അഭിമാനമുണ്ട്." കെവിൻ പീറ്റേഴ്സൺ മാധ്യമങ്ങളോട് പറഞ്ഞു


അഞ്ജും ചോപ്ര (ഇന്ത്യ)


മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ വനിതാ ടീമിനെ നയിച്ചിട്ടുള്ള ഇടംകയ്യൻ ബാറ്ററായ അഞ്ജും ചോപ്ര 1995-ലാണ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരവും 100 ഏകദിനങ്ങൾ കളിക്കുന്ന ആദ്യ താരവുമാണ് അവർ. 127 ഏകദിനങ്ങളിൽ നിന്ന് 2,856 റൺസ് നേടിയിട്ടുണ്ട്.


ANJUM


12 ടെസ്റ്റുകളിൽ നിന്ന് 548 റൺസ് നേടിയ അഞ്ജുമിന്റെ മികച്ച സ്കോറായ 98 റൺസ് 2006-ൽ ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തിലായിരുന്നു. 2002-ൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് വിദേശമണ്ണിലെ ആദ്യ ടെസ്റ്റ് വിജയം സമ്മാനിച്ചതും അഞ്ജുമിന്റെ നായകത്വത്തിലായിരുന്നു.


"ഇന്ത്യക്കായി കളിക്കുക എന്നത് ചെറുപ്പം മുതലേയുള്ള സ്വപ്നമായിരുന്നു. കരിയറിൽ എന്നെ പിന്തുണച്ച മാതാപിതാക്കൾക്കും കോച്ചുമാർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു." അഞ്ജും ചോപ്ര മാധ്യമങ്ങളോട് പറഞ്ഞു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home