print edition റണ്ണൊഴുകും ചെപ്പോക്കിൽ; സൂപ്പർ എട്ടിൽ നാളെ ഇന്ത്യ x സിംബാബ്‌വെ

ചെന്നൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ നിലവിലെ ജേതാക്കൾക്ക് നാളെ നിർണായക പോരാട്ടം. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയെയാണ് ഇന്ത്യ നേരിടുന്നത്. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് കളി. നവീകരിച്ച സ്‌റ്റേഡിയത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളാണ് നടന്നത്. ബാറ്റർമാർക്ക് അനുകൂലമാണ് പിച്ച്. പുതിയ പിച്ചായിരിക്കും നാളെ. റണ്ണൊഴുകുമെന്നാണ് വിലയിരുത്തൽ.
സൂപ്പർ എട്ടിലെ ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയോട് കനത്ത തോൽവി വഴങ്ങിയത് ഇന്ത്യയുടെ സെമി സാധ്യതകൾക്ക് തിരിച്ചടിയായിട്ടുണ്ട്. മറുവശത്ത് വെസ്‌റ്റിൻഡീസ് സിംബാബ്‌വെയെ തകർത്ത് മികച്ച റൺ നിരക്കുമായി ഒന്നാമതെത്തി. സിംബാബ്‌വെയ്‌ക്കെതിരെ കൂറ്റൻ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയെ തുണക്കില്ല.
വിൻഡീസിന്റെ റൺനിരക്ക് 5.350 ആണ്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയുടേത് 3.800. ഇന്ത്യയുടെ റൺ നിരക്ക് –3.800. നാളെ വിൻഡീസും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മറ്റൊരു മത്സരം. ജയിക്കുന്ന ടീം ഏറെക്കുറെ സെമി ഉറപ്പിക്കും.
ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. മലയാളി വിക്കറ്റ് കീപ്പർ സഞ്‌ജു സാംസൺ ഇറങ്ങാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം നെറ്റ്‌സിൽ പേസർമാർക്കെതിരെ ദീർഘനേരം സഞ്‌ജുവും ഇഷാൻ കിഷനും ബാറ്റ് ചെയ്‌തിരുന്നു. സഞ്‌ജു കളിച്ചാൽ ആരെ മാറ്റുമെന്ന് വ്യക്തമല്ല. നാല് കളിയിലും പരാജയപ്പെട്ട ഓപ്പണർ അഭിഷേക് ശർമയെ മാറ്റാൻ സാധ്യത കുറവാണ്. തിലക് വർമയും തുടർന്നേക്കും. എങ്കിൽ വാലറ്റത്ത് മോശം പ്രകടനമുള്ള റിങ്കു സിങ്ങിനെ മാറ്റിയേക്കും. റിങ്കു വ്യക്തിപരമായ കാരണങ്ങളാൽ പരിശീലനം നടത്താതെ നാട്ടിലേക്ക് മാങ്ങിയിരുന്നു. ഓൾ റൗണ്ടർ അക്‌സർ പട്ടേലും തിരിച്ചെത്തും.
ന്യൂസിലൻഡുമായുള്ള പരന്പരയിൽ മങ്ങിയതിനെ തുടർന്ന് സഞ്‌ജുവിന് ആദ്യ പതിനൊന്നിലെ സ്ഥാനം നഷ്ടമായിരുന്നു. അഭിഷേകിന് അസുഖമായതിനാൽ മാത്രം നമീബിയക്കെതിരായ കളിയിൽ അവസരം കിട്ടി. മൂന്ന് സിക്‌സറും ഒരു ഫോറും ഉൾപ്പെടെ എട്ട് പന്തിൽ 22 റണ്ണടിച്ചാണ് പുറത്തായത്. ലോകകപ്പിൽ ഇന്ത്യൻ ഓപ്പണിങ് സഖ്യം ഇരട്ടയക്കം കണ്ട ഏക കളിയും ഇതായിരുന്നു. തുടർന്നുള്ള കളിയിൽ അഭിഷേക് പകരമെത്തി. ഓപ്പണിങ്ങിലെ പതർച്ച ബാറ്റിങ് നിരയെ ആകെ ബാധിച്ചു. മൂന്നാം നന്പറിൽ എത്തുന്ന തിലകിന് വേഗത്തിൽ റണ്ണടിക്കാനാകുന്നില്ല. ഇത് പവർപ്ലേയിൽ തിരിച്ചടിയാകുന്നു. ക്യാപ്‌റ്റൻ സൂര്യകുമാറിനും അതിവേഗം നഷ്ടമായി.
ലോകകപ്പിൽ 300 റൺ നേടാൻ കെൽപ്പുള്ള ബാറ്റിങ് നിരയാണ് ഇന്ത്യക്കെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ ആദ്യ കളിയിൽ അമേരിക്കയോട്‌തന്നെ ടീമിന്റെ ദൗർബല്യം വെളിപ്പെട്ടു. വാലറ്റത്തും കൂറ്റനടികൾ ഉണ്ടാകുന്നില്ല.
സിംബാബ്‌വെയ്‌ക്കെതിരെ തുടക്കം മുതൽ ആഞ്ഞടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. സിംബാബ്‌വെ ബൗളർമാരെ വിൻഡീസ് കൈകാര്യം ചെയ്‌ത രീതി കണ്ടതാണ്. 254 റണ്ണാണ് വിൻഡീസുകാർ അടിച്ചുകൂട്ടിയത്. പക്ഷേ, ബ്ലെസിങ് മുസറബാനിയും റിച്ചാർഡ് എൻഗാറവയും ഉൾപ്പെട്ട ബൗളിങ് നിര ഓസ്‌ട്രേലിയയുടെയും ശ്രീലങ്കയുടെയും ബാറ്റിങ് നിരയെ വിറപ്പിച്ചവരാണ്. മാർച്ച് ഒന്നിന് വിൻഡീസുമായാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ അവസാന കളി.









0 comments