print edition ഇംഗ്ലണ്ട് സെമിയിൽ

photo credit: England Cricket facebook
പല്ലെക്കെലെ: ക്യാപ്‌റ്റൻ ഹാരി ബ്രൂക് തകർപ്പൻ സെഞ്ചുറിയുമായി നയിച്ചപ്പോൾ ഇംഗ്ലണ്ട് ട്വന്റ20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചു. സെമിയിൽ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. രണ്ട് കളിയിൽ ഒരു പോയിന്റ് മാത്രമുള്ള പാകിസ്ഥാന്റെ നില പരുങ്ങലിലായി. സ്‌കോർ: പാകിസ്ഥാൻ 164/9; ഇംഗ്ലണ്ട് 168/8 (19.1).
ഗ്രൂപ്പ് ഘട്ടത്തിൽ തപ്പിത്തടഞ്ഞ ഇംഗ്ലണ്ടിന്റെ മറ്റൊരു മുഖമായിരുന്നു ശ്രീലങ്കയിലെ വേദിയായ പല്ലെക്കെലെയിൽ കണ്ടത്. ക്യാപ്‌റ്റൻ ബ്രൂക്കിന്റെ ഒറ്റയാൾ പ്രകടനം കരുത്തുപകർന്നു. പാകിസ്ഥാൻ ഉയർത്തിയ 165 റൺ ലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ ഷഹീൻഷാ അഫ്രീദി ഓപ്പണർ ഫിൽ സാൾട്ടിനെ മടക്കി.
വെല്ലുവിളി ഏറ്റെടുത്ത് ബ്രൂക്ക് സ്വയം മുന്നോട്ടുവന്നപ്പോൾ കളി മാറി. ട്വന്റി20യിൽ ആദ്യമായി മൂന്നാം നന്പറിലെത്തിയ ഇംഗ്ലീഷ് ക്യാപ്‌റ്റൻ കളംപിടിച്ചു. ജോസ് ബട്‌ലറും (2), ജേക്കബ് ബെതലും(8), ടോം ബാന്റനും (2) വേഗത്തിൽ മടങ്ങിയപ്പോൾ 7.1 ഓവറിൽ നാലിന് 58 റണ്ണെന്ന നിലയിലായി. സാം കറനെയും (15 പന്തിൽ 16) വിൽ ജാക്‌സിനെയും (23 പന്തിൽ 28) കൂട്ടുപിടിച്ച് അവിശ്വസനീയ പോരാട്ടമാണ് ബ്രൂക്ക് നടത്തിയത്.
പാകിസ്ഥാന്റെ നിഗൂഢ സ്‌പിന്നർ ഉസ്‌മാൻ താരിഖിനെവരെ വലംകൈയൻ ബാറ്റർ കൈകാര്യം ചെയ്‌തു. നാല് സിക്‌സറും പത്ത് ഫോറുമടിച്ച ബ്രൂക്കിനെ സെഞ്ചുറി പൂർത്തിയാക്കിയ ഉടൻ അഫ്രീദി ബൗൾഡാക്കി. ഇൗ ഘട്ടത്തിൽ നാല് വിക്കറ്റ് ശേഷിക്കെ പത്ത് റൺ മാത്രമായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്.
19–ാം ഓവറിൽ ജാക്‌സിനെയും ജാമി ഒവർട്ടണെയും പുറത്താക്കി മുഹമ്മദ് നവാസ് പാകിസ്ഥാന് പ്രതീക്ഷ നൽകിയെങ്കിലും ഇരുപതാം ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി ജോഫ്ര ആർച്ചെർ ജയം കുറിച്ചു.
പാകിസ്ഥാന് വേണ്ടി അഫ്രീദി നാല് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനായി 45 പന്തിൽ 63 റണ്ണെടുത്ത ഷാഹിബ്‌സാദ ഫർഹാനാണ് പൊരുതിയത്.
തുടർച്ചയായി അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തുന്നത്.










0 comments