print edition മായാജാലക്കഥ

അഹമ്മദാബാദ് : ജനുവരി 31. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം. കീപ്പിങ് കൈയുറകൾ ഇഷാൻ കിഷനെ ഏൽപ്പിച്ച് നേർത്തൊരു മന്ദഹാസവുമായി സഞ്‌ജു സാംസൺ നടന്നകന്നു. ബൗണ്ടറി വരയ്‌ക്കരികെ അപ്പോഴും തനിക്കായി കൈയടിക്കുന്ന കാണികൾക്കുനേരെ കൈയുയർത്തി. ആശയറ്റ മുഖത്ത് ചിരി വിടർത്താൻ അപ്പോഴും ശ്രമിക്കുന്നുണ്ടായിരുന്നു. ആശിച്ച്, മോഹിച്ച് നേടിയ ഇന്ത്യൻ കുപ്പായത്തിലേക്ക് മുപ്പത്തൊന്നുകാരൻ ചെറുതായൊന്ന് തഴുകി. അതിലെല്ലാമുണ്ടായിരുന്നു. ന്യൂസിലൻഡുമായുള്ള അഞ്ച് മത്സര പരന്പരയിലെ അവസാന കളിയായിരുന്നു.
തിരുവനന്തപുരത്ത്, കളിച്ചുവളർന്ന മണ്ണിൽ അവസാനമായൊരു അവസരമാണ് കിട്ടിയത്. ബാറ്റിൽ ആറ് റൺ മാത്രം. വിക്കറ്റിന് പിന്നിൽനിന്നും മാറ്റിനിർത്തപ്പെട്ടു.
ടീം മാനേജ്‌മെന്റിന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നു. ‘സഞ്‌ജു, നിങ്ങളിനി ഇന്ത്യൻ ടീമിന്റെ ഒന്നാം നന്പർ വിക്കറ്റ് കീപ്പറല്ല. ലോകകപ്പിൽ പകരക്കാരുടെ നിരയിലാണ് സ്ഥാനം’. കണക്കുകൾ ആ തീരുമാനത്തിനെ ചോദ്യം ചെയ്യാനുതകുന്നതായിരുന്നില്ല. പരന്പരയിൽ 10, 6, 0, 24, 6. എന്നായിരുന്നു സ്‌കോർ. പക്ഷേ, അതിനുംമുന്പ് 2024ൽ മൂന്ന് സെഞ്ചുറികൾ നേടിയ ഓപ്പണറുണ്ടായിരുന്നു. തന്റേതല്ലാത്ത കാരണത്താൽ ആ സ്ഥാനം വിട്ടിറങ്ങി, അഞ്ചാം നന്പറിലേക്ക് മാറി. ‘സഞ്‌ജു പകരക്കാരൻ ഓപ്പണർ മാത്രമാണ്. ശുഭ്‌മാൻ ഗിൽ തിരിച്ചെത്തുന്പോൾ സ്വാഭാവികമായും അദ്ദേഹം ഓപ്പണറാകും. സഞ്‌ജുവിന് മറ്റ് സ്ഥാനങ്ങളിൽ ഇറങ്ങേണ്ടിവരും’– മുഖ്യ സെലക്ടർ അജിത് അഗാർക്കർ സംശയരഹിതമായി പ്രഖ്യാപിച്ചു.
ഏഷ്യാ കപ്പിലും തുടർന്നും സ്ഥാനങ്ങൾ മാറിമാറിയിറങ്ങി.
ഇതിനിടെ ജിതേഷ് ശർമ വിക്കറ്റിന് പിന്നിൽവന്നു. ഓരോ മത്സരവും സഞ്‌ജുവിന് അതിജീവനമായി മാറി. ഒന്ന് പതറിയാൽ ഇനിയൊന്നില്ലെന്ന ഭയം കളിയെ ബാധിച്ചു. ലോകകപ്പ് ടീം പ്രഖ്യാപനം ആത്മവിശ്വാസം പകരുന്നതായിരുന്നു. ഇന്ത്യൻ ടീം മാനേജ്‌മെന്റ് എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്നു ഗില്ലിനെ ഒഴിവാക്കി സഞ്‌ജുവിനെ ഓപ്പണറാക്കിയത്. ടീം ഒപ്പമുണ്ടെന്ന് പ്രഖ്യാപനം അതിലുണ്ടായി.
പക്ഷേ, ന്യൂസിലൻഡുമായുള്ള അഞ്ച് കളികൾ ആ തീരുമാനത്തെ ചോദ്യം ചെയ്‌തു. മുൻ താരങ്ങളായ സുനിൽ ഗാവസ്‌കറും കൃഷ്‌ണമാചാരി ശ്രീകാന്തുമൊക്കെ രംഗത്തുവന്നു. സമൂഹ മാധ്യമങ്ങളിൽ പരിഹാസചിത്രങ്ങൾ നിറഞ്ഞു.
തിരുവനന്തപുരത്തുനിന്ന് മടങ്ങുന്പോൾ സഞ്‌ജുവിന്റെ കടുത്ത ആരാധകർപോലും അത്ഭുതം പ്രതീക്ഷിച്ചില്ല. ലോകകപ്പിൽ നമീബിയക്കെതിരെ അഭിഷേക് ശർമയ്‌ക്ക് പനിയായതിനാൽ മാത്രം അവസരം കിട്ടിയപ്പോൾ വലിയ സ്‌കോറുണ്ടായില്ല. പക്ഷേ, എട്ട് പന്തിൽ 22 റണ്ണെടുത്ത ആ ഇന്നിങ്‌സിൽ ഒരു മിന്നലാട്ടമായിരുന്നു. അപ്പോഴും പകരക്കാരന്റെ വേഷം മാറിയില്ല. ‘ആരെ പുറത്തിരുത്തിയാണ് സഞ്‌ജുവിനെ കളിപ്പിക്കേണ്ടത്. അഭിഷേകിനെയോ, തിലകിനെയോ’–ക്യാപ്‌റ്റൻ സൂര്യകുമാറിന്റെ ചോദ്യത്തിൽ ഒരു പരിഹാസച്ചിരിയുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയുമായുള്ള ഒറ്റത്തോൽവിയിൽ ക്യാപ്‌റ്റന്റെ ചിരിമാഞ്ഞു. കളിമാറുകയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം.
സ്വപ്‌നത്തിലെന്നപോലെ കളം മാറുകയായിരുന്നു പിന്നീട്. വെസ്‌റ്റിൻഡീസുമായുള്ള നിർണായക മത്സരത്തിൽ ആ ബാറ്റ് ഗർജിച്ചു. രോഹിത് ശർമയുടെ ഷോട്ടുകളെ അനുസ്‌മരിപ്പിക്കുന്ന സിക്‌സറുകൾ. 50 പന്തിൽ നേടിയ 97 റൺ സഞ്‌ജുവിന്റെ കളിജീവിതത്തെ രണ്ടായി പകുത്തു. ആദ്യ പകുതി മറന്നു. ഇടവേള കഴിഞ്ഞുള്ള രണ്ടാംപകുതി മായാജാലക്കഥയായി.
സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89, ഫൈനലിൽ കിവീസിനെതിരെ 46 പന്തിൽ 89. അഞ്ച് കളിയിൽ 321 റൺ. അതിൽ 24 സിക്‌സറുകൾ. പരിഹസിച്ചവർ കൈയടിച്ചു. ഫൈനലിലെ ഇന്നിങ്‌സ് കഴിഞ്ഞ് മടങ്ങുന്പോൾ അഹമ്മദാബാദ് സ്‌റ്റേഡിയത്തിലെ ഒന്നേകാൽ ലക്ഷം കാണികൾ ഒരേ സ്വരത്തിൽ ആർത്തു...സഞ്‌ജു.. സഞ്‌ജു...










0 comments