print edition ഒറ്റത്തോൽവി, പിന്നെ ചരിത്രം

അഹമ്മദാബാദ് : ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രമാണ് ഇന്ത്യ അഹമ്മദാബാദിൽ കുറിച്ചത്. മൂന്ന് കിരീടം നേടുന്ന ആദ്യ ടീം. ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങിയ സൂര്യകുമാർ യാദവും സംഘവും സാധ്യതയിൽ ഏറെ മുന്നിലായിരുന്നു. പക്ഷേ, ഗ്രൂപ്പുഘട്ടത്തിലെ കളികൾ സംശയം ജനിപ്പിച്ചു. ആദ്യ കളിയിൽ അമേരിക്കയോട് സൂര്യകുമാറിന്റെ ഒറ്റയാൾ പ്രകടനമാണ് രക്ഷയായത്. ടീമിന് ഒത്തിണക്കം കണ്ടില്ല. ഇതിനിടെ ഓപ്പണർ അഭിഷേക് ശർമയുടെ അസുഖവും പിന്നാലെ മോശം പ്രകടനങ്ങളും ടീമിനെ ബാധിച്ചു.
പാകിസ്ഥാനെയും കീഴടക്കി ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായ ഇന്ത്യ സൂപ്പർ എട്ടിലെ ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയോട് തോറ്റു.
ബാറ്റിലും പന്തിലും ഒരുപോലെ മങ്ങിയപ്പോൾ വലിയ തോൽവിയായിരുന്നു വഴങ്ങേണ്ടിവന്നത്. എതിരാളികളുടെ ഓഫ് സ്‌പിൻ കെണിയിൽ അഭിഷേക് ശർമ നിരന്തരം വീഴുന്നത് ആശങ്കയായി. തിലക് വർമയുടെ മെല്ലെപ്പോക്ക് പവർപ്ലേ ഓവറുകളെ ശുഷ്‌കമാക്കി. സൂര്യകുമാറിന്റെ റണ്ണൊഴുക്കും കുറഞ്ഞു. ഇഷാൻ കിഷനും പന്തിൽ ജസ്‌പ്രീത് ബുമ്രയും മാത്രം സ്ഥിരത കാട്ടി.
ആ തോൽവിക്കുശേഷമാണ് ടീം അടിമുടി മാറുന്നത്. സഞ്‌ജു സാംസൺ ഓപ്പണറായും വിക്കറ്റ് കീപ്പറായും തിരിച്ചെത്തിയത് ഇന്ത്യക്ക് ഉൗർജം പകർന്നു. സൂപ്പർ എട്ടിൽ സിംബാബ്‌വെയ്‌ക്കെതിരെ ബാറ്റർമാർ ഒന്നടങ്കം മികവിലേക്കുയർന്നു. വെസ്‌റ്റിൻഡീസിനെതിരെ അതാവർത്തിച്ചു. സെമിയിൽ ഇംഗ്ലണ്ടിനോട് റണ്ണടിച്ചുകൂട്ടി. ഇംഗ്ലണ്ട് പൊരുതിയെങ്കിലും അക്‌സർ പട്ടേലിന്റെ ഫീൽഡിങ് മികവും ബുമ്രയുടെ ഒന്നാന്തരം പന്തുകളും ഇന്ത്യയെ കാത്തു. ഫൈനലിൽ ന്യൂസിലൻഡ് എതിരാളികളായതേയില്ല. പരിശീലകൻ ഗൗതം ഗംഭീറിന്റെ ആദ്യ ലോകകിരീടമാണിത്. കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന അപൂർവ നേട്ടവും സ്വന്തമാക്കി.










0 comments