'മാഞ്ഞു ഭൂതകാലം, ഇനിയിവന്റെ ഊഴം'; ലോകകപ്പ് താരമായി സഞ്ജു

PHOTO: AFP
അഹമ്മദാബാദ്: ഇന്ത്യൻ ടീമിൽ അവസരങ്ങളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്ന സഞ്ജു സാംസണിന്. ലോകകപ്പ് തുടങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ അപ്രസക്തനായിരുന്നു. എന്നാൽ ട്വന്റി20 ലോകകപ്പിന്റെ ഒരു അധ്യായം കൂടി അവസാനിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്കാണ് മലയാളി താരം നടന്നു കയറിയത്. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായാണ് സഞ്ജു മടങ്ങുന്നത്.
ഇന്ത്യൻ ടീം ഒമ്പത് മത്സരങ്ങൾ കളിച്ചപ്പോൾ സഞ്‌ജുവിന് അഞ്ച് മത്സരങ്ങളിൽ മാത്രമാണ് അവസരം കിട്ടിയത്. ഇതിൽ മൂന്ന് അർധസെഞ്ചുറികളക്കം 321 റണ്ണെടുത്തു. നിർണായക മത്സരങ്ങളിൽ സെഞ്ചുറിക്ക് തുല്യമായ അർധസെഞ്ചുറിയുമായി തിളങ്ങി രാജ്യത്തിന്റെ അഭിമാനതാരമായ സഞ്ജു, നിരവധി റെക്കോർഡുകളാണ് ലോകകപ്പിൽ സ്വന്തമാക്കിയത്.
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്‌കോർ (89) നേടുന്ന താരവും ഒരു ലോകകപ്പിലെ സെമിയിലും ഫൈനലിലും അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ കളിക്കാരനുമായി. 2014ൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും 2019ൽ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുമാണ് ഇൗ നേട്ടം സ്വന്തമാക്കിയത്. ട്വന്റി20 ലോകകപ്പിൽ കൂടുതൽ സിക്‌സറുകൾ (24) നേടിയ താരം, ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചുറി നേടുന്ന ഏഴാമത്തെ കളിക്കാരൻ തുടങ്ങിയ നേട്ടങ്ങളും സഞ്ജു സ്വന്തമാക്കി.
അർഹതയുണ്ടായിട്ടും തഴയപ്പെട്ടുപോയ സഞ്ജുവിന്റെ മുൻകാല അനുഭവങ്ങൾ ഇനി ആവർത്തിക്കില്ല. സഞ്ജുവിനെ ഇനി ബെഞ്ചിലിരുത്താൻ ബിസിസിഐക്ക് സാധിക്കില്ല. നഷ്ടങ്ങളുടെ ഭൂതകാലം ഒരു ലോകകപ്പിലൂടെ സഞ്ജു മായ്ച്ചു കളയുകയാണ്.









0 comments