ad
Deshabhimani

ചരിത്രം ആവർത്തിക്കുന്നു; ലോക കിരീടത്തിന് മലയാളി മസ്റ്റാണ്

sanju t20.jpg

ട്വന്റി20 ലോകകപ്പ് കിരീടവുമായി സഞ്ജു സാംസൺ

വെബ് ഡെസ്ക്

Published on Mar 09, 2026, 07:25 AM | 2 min read

അഹമ്മദാബാദ്: ക്രിക്കറ്റ് വിശ്വകീരീടത്തിൽ ഇന്ത്യ മുത്തമിട്ടപ്പോഴെല്ലാം മലയാളി സാന്നിധ്യമുണ്ട്. 43 വർഷങ്ങൾക്ക് മുമ്പ് 1983ൽ ലോർഡ്സിലെ ബാൽക്കണിയിൽ കപിൽ ദേവ് ലോക കിരീടമേറ്റുവാങ്ങുമ്പോഴും ടീമിൽ മലയാളിയുണ്ട്. 2007ലും 2011ലും 2024ലും 2026ലും ഇത് ആവർത്തിച്ചു. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായ സഞ്ജു സാംസൺ ഉൾപ്പെടെ മൂന്ന് മലയാളികളാണ് ഇന്ത്യയുടെ കിരീടത്തിൽ പങ്കാളിയായത്.


ind t20.jpgട്വന്റി20 ലോകകപ്പ് കിരീടവുമായി ഇന്ത്യൻ ടീം


വീരോചിതം സഞ്ജു


2024ലെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടെങ്കിലും സഞ്ജുവിന് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരമില്ലായിരുന്നു. ഇത്തവണ ലഭിച്ച അവസരങ്ങൾ മുതലാക്കിയ താരം ലോകകപ്പിലെ തന്നെ താരമായാണ് തന്റെ സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യൻ ടീം ഒമ്പത് മത്സരങ്ങൾ കളിച്ചപ്പോൾ സഞ്‌ജുവിന്‌ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് അവസരം കിട്ടിയത്. ഇതിൽ മൂന്ന് അർധസെഞ്ചുറികളക്കം 321 റണ്ണെടുത്തു. നിർണായക മത്സരങ്ങളിൽ സെഞ്ചുറിക്ക് തുല്യമായ അർധസെഞ്ചുറിയുമായി തിളങ്ങി രാജ്യത്തിന്റെ അഭിമാനതാരമായ സഞ്ജു, നിരവധി റെക്കോർഡുകളാണ് ലോകകപ്പിൽ സ്വന്തമാക്കിയത്.



ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിലെ ഏറ്റവും ഉയർന്ന സ്‌കോർ (89) നേടുന്ന താരവും ഒരു ലോകകപ്പിലെ സെമിയിലും ഫൈനലിലും അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ കളിക്കാരനുമായി. 2014ൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട്‌ കോഹ്‌ലിയും 2019ൽ പാകിസ്ഥാൻ താരം ഷാഹിദ്‌ അഫ്രീദിയുമാണ് ഇ‍ൗ നേട്ടം സ്വന്തമാക്കിയത്. ട്വന്റി20 ലോകകപ്പിൽ കൂടുതൽ സിക്‌സറുകൾ (24) നേടിയ താരം, ലോകകപ്പിൽ തുടർച്ചയായി മൂന്ന്‌ അർധസെഞ്ചുറി നേടുന്ന ഏഴാമത്തെ കളിക്കാരൻ തുടങ്ങിയ നേട്ടങ്ങളും സഞ്ജു സ്വന്തമാക്കി.


sreesanth.jpgജോഗീന്ദർ ശർമയുടെ പന്തിൽ മിസ്‌ബ ഉൾ ഹഖിനെ എസ് ശ്രീശാന്ത് ക്യാച്ചെടുക്കുന്നു. ക്യാപ്റ്റൻ എം എസ് ധോണിയുടെ ആഹ്ലാദം


മറക്കുമോ ശ്രീശാന്തിന്റെ ആ ക്യാച്ച്


പേസറായിരുന്ന എസ് ശ്രീശാന്ത് ലോകകപ്പ് നേടിയ രണ്ടു ടീമിലും അംഗമായി. 2007 ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ വിജയമൊരുക്കിയ അവസാനത്തെ ക്യാച്ചെടുത്തത് ഈ എറണാകുളത്തുകാരനാണ്. ജോഗീന്ദർ ശർമയുടെ പന്തിൽ മിസ്‌ബ ഉൾ ഹഖിനെയാണ് ശ്രീശാന്ത് പിടികൂടിയത്. അപ്പോൾ പാകിസ്ഥാന് നാലു പന്തിൽ ജയിക്കാൻ അഞ്ചു റൺ മതിയായിരുന്നു. നാല് ഓവർ എറിഞ്ഞ് ഒരു വിക്കറ്റുമെടുത്തു. ഏഴു കളിയിൽ ആറ് വിക്കറ്റാണ് സമ്പാദ്യം. മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റനായി 2011 ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. ഫൈനലിൽ പന്തെറിഞ്ഞെങ്കിലും വിക്കറ്റില്ല.


കപിലിന്റെ ചെകുത്താന്മാരിലെ മലയാളി


1983ൽ കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകകിരീടം നേടുമ്പോൾ സുനിൽ വൽസൻ ടീമിലുണ്ടായിരുന്നു. ഈ മലയാളി പേസ് ബൗളർക്ക് പക്ഷേ കളിക്കാൻ അവസരം കിട്ടിയില്ല. അച്ഛനമ്മമാരുടെ വീട് കണ്ണൂരായിരുന്നു. വൽസൻ താമസിക്കുന്നത് ഡെറാഡൂണിലാണ്. ഡൽഹിയാണ് പ്രവർത്തനകേന്ദ്രം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home