ന്യൂസിലൻഡ് ക്രിക്കറ്റിലെ വെള്ളിനക്ഷത്രം മറയുന്നു; രണ്ട് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ സൂസി ബേറ്റ്സ് പടിയിറങ്ങുന്നു

Photo Credit: ICC
വെല്ലിംങ്‌ടൺ: വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ ന്യൂസിലൻഡിന്റെ സൂസി ബേറ്റ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷം താൻ കളിമൈതാനത്തോടു വിടപറയുമെന്ന് 38-കാരിയായ താരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ ഐതിഹാസിക കരിയറിന് ഇംഗ്ലണ്ടിന്റെ മണ്ണിൽ ഒരു ലോകകപ്പ് കൂടി നേടി സമാപനം കുറിക്കുക എന്നതാണ് ലക്ഷ്യമെന്ന് താരം വ്യക്തമാക്കി.ജൂൺ 12 മുതൽ ജൂലൈ 5 വരെ ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ 'വൈറ്റ് ഫെർൺസ്' ടീമിൽ സൂസി ബേറ്റ്സിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2006-ൽ ഇന്ത്യക്കെതിരെയായിരുന്നു ബേറ്റ്സിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം.
"കഴിഞ്ഞ 20 വർഷം എത്ര വേഗമാണ് കടന്നുപോയതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ന്യൂസിലൻഡിനായി ഇത്രയധികം മത്സരങ്ങൾ കളിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു. മികച്ചൊരു ക്രിക്കറ്ററും അത്‌ലറ്റും ആകാൻ ഓരോ ദിവസവും ഞാൻ പരിശ്രമിച്ചിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിൽ പോയി മറ്റൊരു ലോകകപ്പ് കൂടി നേടുക എന്ന അവസാന ദൗത്യത്തിലാണ് ഞാൻ," ബേറ്റ്സ് പറഞ്ഞു.
വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന റെക്കോർഡ് നിലവിൽ സൂസി ബേറ്റ്സിന്റെ പേരിലാണ്. 4,717 റൺസാണ് ഈ ഓപ്പണിംഗ് ബാറ്ററുടെ സമ്പാദ്യം. ഏകദിന ക്രിക്കറ്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള താരം 145 വിക്കറ്റുകളും റെക്കോർഡ് എണ്ണം ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്.
2011 മുതൽ ഏഴു വർഷക്കാലം 151 മത്സരങ്ങളിൽ അവർ ന്യൂസിലൻഡിനെ നയിച്ചു. 2024-ൽ ട്വന്റി 20 ലോകകപ്പ് നേടിയ ന്യൂസിലൻഡ് ടീമിലും ഇവർ നിർണ്ണായക സാന്നിധ്യമായിരുന്നു.സൂസി ബേറ്റ്സ് തന്റെ റോൾ മോഡലാണെന്നും വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണെന്നും നിലവിലെ ക്യാപ്റ്റൻ മെലി കെർ പറഞ്ഞു.
വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്കും ന്യൂസിലൻഡ് സ്പോർട്സിനും ബേറ്റ്സ് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും കെർ കൂട്ടിച്ചേർത്തു. 2015-ൽ വിസ്ഡൻ മാഗസിൻ ലോകത്തെ മികച്ച വനിതാ ക്രിക്കറ്ററായി ബേറ്റ്സിനെ തിരഞ്ഞെടുത്തിരുന്നു. 2013-ലും 2016-ലും ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും ഇവർ നേടി.
ക്രിക്കറ്റിന് പുറമെ ബാസ്കറ്റ്ബോളിലും മികവ് തെളിയിച്ച അപൂർവ്വം താരങ്ങളിൽ ഒരാളാണ് സൂസി ബേറ്റ്സ്. 2008-ലെ ബീജിംഗ് ഒളിമ്പിക്സിൽ ന്യൂസിലൻഡ് ദേശീയ ബാസ്കറ്റ്ബോൾ ടീമിനായി ഇവർ മത്സരിച്ചിട്ടുണ്ട്. 2013-ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിലെ മികച്ച താരം കൂടിയായ ബേറ്റ്സ് വിരമിക്കുന്നത് വനിതാ ക്രിക്കറ്റിലെ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ അവസാനമായാണ് വിലയിരുത്തപ്പെടുന്നത്.











0 comments