മദ്യനികുതി ഇളവ് മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഖ്യമന്ത്രി വി ഡി സതീശൻ | File Photo
തിരുവനന്തപുരം : സ്വകാര്യ മദ്യലോബിയെ സഹായിക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവ് മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റ് നിർദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചെങ്കിലും സഭയിൽ അവതരിപ്പിച്ച ഫിനാൻസ് ബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ചെയ്യാനുള്ള ഭേദഗതി നിർദേശം മുന്നോട്ട് വെച്ചിരിക്കുകയാണെന്ന് പിണറായി വിജയൻ ഫേസ്ബുകിൽ കുറിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചിരുന്നു എന്ന ദുരാരോപണം സ്വയം പൊളിയുന്ന കാഴ്ചയാണ് ഫിനാൻസ് ബില്ലിലെ ഈ ഇളവ് നിർദേശം. വീര്യം കുറഞ്ഞ മദ്യത്തെ 'ഹോർട്ടി വൈൻ' കാറ്റഗറിയോട് ചേർത്താണ് ഭേദഗതി നിർദേശിച്ചിരിക്കുന്നത്. വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ഠിത ഐഎംഎഫ്എൽ കാറ്റഗറിക്ക് സംസ്ഥാനത്ത് നികുതി ഇളവ് നൽകുന്നത് ഇതാദ്യമായാണ്.
ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ സഭ അംഗീകരിച്ചാൽ അത് നിയമമായി മാറും. അത് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ബിൽ പാസായി നിയമത്തിന്റെ ഭാഗമാവുന്ന നികുതി നിർദേശം എക്സിക്യുട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അങ്ങനെയെങ്കിൽ ഫിനാൻസ് ബില്ലിൽ ഈ നിർദേശം ചേർത്ത ശേഷം യുഡിഎഫ് ചർച്ച നടത്തുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഈ പുകമറ മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണ്.
മദ്യനികുതി ഇളവിന്റെ കാര്യത്തിൽ പ്രതിപക്ഷവും മാധ്യമങ്ങളും ഒപ്പം മതസാമുദായിക സംഘടനകളും അതിശക്തമായ വിമർശനങ്ങളാണ് ഉയർത്തുന്നത്. കോൺഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികൾ ഉന്നയിച്ച എതിർപ്പും ആശങ്കയും മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ല എന്നതിന്റെ തെളിവാണ്.
എക്സൈസ് നയത്തിലെ മാറ്റം അറിഞ്ഞില്ലെന്ന നിലയാണ് എക്സൈസ് മന്ത്രിയും പങ്കുവെച്ചത്. ധനകാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായി മദ്യനയത്തിൽ കൈകടത്തി എന്ന അതൃപ്തിയാണ് ഭരണമുന്നണിയിൽ നിന്ന് തന്നെ ഉയർന്നു വരുന്നത്. ഇതിനെല്ലാം പരിഹാരമായി പറഞ്ഞ യുഡിഎഫ് ചർച്ച, ഫിനാൻസ് ബിൽ സഭ അംഗീകരിച്ചു കഴിഞ്ഞാൽ വെറും പ്രഹസനമാവും.
ധനകാര്യവകുപ്പ് അതാത് ഭരണ വകുപ്പിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച് ബജറ്റ് നിർദേശങ്ങൾ രൂപപ്പെടുത്തുന്ന സുതാര്യമായ നടപടിക്രമമാണ് നിലവിലുള്ളത്. എന്നാൽ അതിൽ നിന്നും ഭിന്നമായി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം താല്പര്യം മറ്റ് വകുപ്പുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന രീതിയാണ് കാണുന്നത്. കോൺഗ്രസ് നേതൃത്വമാണ് ഇത് ഗൗരവതരമായി പരിശോധിക്കേണ്ടതെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞ ‘ടീം യുഡിഎഫ്’ സങ്കൽപ്പം പോലും ഇപ്പോൾ സ്വകാര്യവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. മദ്യ കമ്പനികളും തീരദേശം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന കുത്തകകളുമാണ് ടീം യുഡിഎഫിലെ പുതിയ സഖ്യകക്ഷികൾ. മുന്നണിയോ മന്ത്രിസഭയോ അറിയാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി നിർണായക തീരുമാനമെടുത്ത ഒട്ടനവധി സന്ദർഭങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിൽ നടന്നത്. മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.










0 comments