കറാച്ചി സൈനികതാവള ആക്രമണം; പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ

രൺധീർ ജയ്‌സ്വാൾ | Photo: The Hindu via YouTube/@MEAIndia
ന്യൂഡൽഹി : കറാച്ചിയിലെ സൈനിക താവളത്തിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് ഇന്ത്യ. കറാച്ചിയിൽ നടന്ന ആക്രമണത്തിൽ നാല് അർദ്ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് പകരം പാകിസ്ഥാൻ സ്വന്തം രാജ്യത്തിനുള്ളിലേക്ക് നോക്കാനാണ് ശ്രമിക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരവാദ ശൃംഖലകൾക്കെതിരെ വിശ്വസനീയമായ നടപടികൾ സ്വീകരിക്കാനും, ഭീകരവാദത്തെ ഭരണകൂട നയത്തിന്റെ ഭാഗമാക്കുന്ന പ്രവണത അവസാനിപ്പിക്കാനുമാണ് പാകിസ്ഥാൻ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കറാച്ചിയിലെ സിന്ധ് റേഞ്ചേഴ്‌സിന്റെ ക്യാമ്പിന് നേരെ നിരോധിക്കപ്പെട്ട ഭീകരസംഘടനയായ തെഹ്‌രീകി താലിബാൻ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരരും മൂന്ന് അർദ്ധസൈനികരും കൊല്ലപ്പെട്ടിരുന്നു. ഈ ഭീകരാക്രമണത്തിന് പിന്നാലെ കറാച്ചി സന്ദർശിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമാധാനവും സ്ഥിരതയും തകർക്കാൻ ഇന്ത്യ ചില ഗ്രൂപ്പുകളെ പ്രോക്സികളായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഈ വിവാദ പ്രസ്താവനയ്ക്കാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.










0 comments