ത്രിരാഷ്‌ട്ര വനിതാ ഏകദിനം: ഇന്ത്യയെ മൂന്ന് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക

കൊളംബോ: ത്രിരാഷ്‌ട്ര വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരോട് മൂന്ന് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 49.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. സ്‌കോർ: ഇന്ത്യ 275/9, ശ്രീലങ്ക 278/7 (49.1).
അർധസെഞ്ചറി നേടിയ നീലാക്ഷി ഡിസിൽവയുടെയും (33 പന്തിൽ 56), ഹർഷിത സമരവിക്രമയുടെയും (61 പന്തിൽ 53) എന്നിവരുടെ ഇന്നിങ്സാണ് ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യയ്‌ക്കായി സ്നേഹ റാണ മൂന്നു വിക്കറ്റ് വീഴ്ത്തി. അരുദ്ധതി റെഡ്ഡി, എൻ ചരണി, പ്രതിക റാവൽ എന്നിവർ ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യൻ നിരയിൽ അർധസെഞ്ചറി നേടിയ റിച്ച ഘോഷാണ് (48 പന്തിൽ 58) ടോപ് സ്കോറര്‍. പ്രതിക റാവൽ (35), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (30), ഹർലീൻ ഡിയോൾ (29), ജമീമ റോഡ്രിഗസ് (37) എന്നിവരും തിളങ്ങി. ശ്രീലങ്കയ്ക്കായി ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവും സുഗന്ധിക കുമാരിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ഇതോടെ മൂന്നു കളികളിൽനിന്ന് രണ്ടു ജയം വീതം നേടിയ ഇന്ത്യയ്ക്കും ശ്രീലങ്കയ്‌ക്കും ഇതോടെ നാലു പോയിന്റ് വീതമായി. രണ്ടു കളികളും തോറ്റ ദക്ഷിണാഫ്രിക്കയ്‌ക്ക് പോയിന്റ് ഒന്നുമില്ല.









0 comments