ad
Deshabhimani

ആർസിബി ഹൈദരാബാദ് മത്സരത്തിന്റെ ടിക്കറ്റിന് തീവില; പ്രതിഷേധവുമായി ആരാധകർ

SRH TICKET PRICE HIKE

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 16, 2026, 05:31 PM | 2 min read

ഹൈദരാബാദ്: ഐപിഎൽ 2026 ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ വൻതോതിൽ വർദ്ധിപ്പിച്ചു. ചില ടിക്കറ്റുകൾക്ക് 110 ശതമാനം വരെയാണ് വില കൂട്ടിയിരിക്കുന്നത്.


സീസണിന്റെ തുടക്കത്തിൽ ചില മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും, രാജസ്ഥാൻ റോയൽസിന്റെ വിജയക്കുതിപ്പ് തടഞ്ഞുകൊണ്ട് ഹൈദരാബാദ് ശക്തമായി തിരിച്ചെത്തിയിരുന്നു. ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ട്രാവിസ് ഹെഡ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര മികച്ച ഫോമിലാണ്.


പ്ലേഓഫ് പോരാട്ടങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന ഹോം മാച്ചിലാണ് ഹൈദരാബാദും ബെംഗളൂരുവും ഏറ്റുമുട്ടുന്നത്. മത്സരത്തെക്കുറിച്ചുള്ള വലിയ ആവേശം മുതലെടുത്ത് വരുമാനം വർദ്ധിപ്പിക്കാനാണ് സൺറൈസേഴ്സ് ഫ്രാഞ്ചൈസി ശ്രമിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.


ഇതിന്റെ ഭാഗമായി 50 മുതൽ 110 ശതമാനം വരെയാണ് ടിക്കറ്റ് നിരക്കുകൾ കൂട്ടിയത്. മുൻപ് 950 രൂപ മുതൽ 30,000 രൂപ വരെയായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 2,000 രൂപ മുതൽ 45,000 രൂപ വരെയാണ് പുതിയ നിരക്ക്.


വെള്ളിയാഴ്ച മുതൽ സൊമാറ്റോ ഡിസ്ട്രിക്റ്റ് ആപ്പ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ വെയ്റ്റിംഗ് ലിസ്റ്റ് 2.60 ലക്ഷം കടന്നിരുന്നു. അതേസമയം, റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആരാധകർ ഈ വിലവർദ്ധനവിനെതിരെ വലിയ രീതിയിൽ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.


പുതിയ നിരക്കുകൾ പ്രകാരം സാധാരണക്കാർക്ക് ഏറെ ആശ്രയമായിരുന്ന 900 രൂപയുടെ ടിക്കറ്റ് നിരക്ക് 110 ശതമാനം വർദ്ധിപ്പിച്ച് 2,000 രൂപയാക്കി. ഏറ്റവും കുറഞ്ഞ ടെറസ് ടിക്കറ്റുകൾ 1500 രൂപയിൽ നിന്നും 3000 രൂപയായും കോർപ്പറേറ്റ് ബോക്സുകളുടെ നിരക്ക് 30,000 രൂപയിൽ നിന്നും 45,000 രൂപയായും ഉയർത്തിയിട്ടുണ്ട്.


നിലവിൽ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി പാറ്റ് കമ്മിൻസ് നയിക്കുന്ന ഹൈദരാബാദ് പോയിന്റ് പട്ടികയിൽ മികച്ച സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് അവർ പരാജയപ്പെട്ടിരുന്നു.


അതേസമയം 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആർസിബി പ്ലേഓഫ് സാധ്യതകളിൽ ഹൈദരാബാദിനേക്കാൾ ഒരു പടി മുന്നിലാണ്. സൺറൈസേഴ്സിന് ഇനി ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവർക്കെതിരെയാണ് മത്സരങ്ങൾ ശേഷിക്കുന്നത്. ഈ മൂന്ന് ടീമുകളും പ്ലേഓഫ് യോഗ്യതയ്ക്കായി നിലവിൽ കടുത്ത പോരാട്ടത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home