കാറിനുള്ളിൽ സിഗരറ്റ് വലിച്ചു; യാത്ര റദ്ദാക്കി, യാത്രക്കാരനെ വഴിയിലിറക്കി ടാക്സി ഡ്രൈവർ

പുകവലിക്കുന്ന യാത്രക്കാരനെ ടാക്സി ഡ്രൈവര്‍ ചോദ്യം ചെയ്യുന്നു (Photo: X)
കാറിനുള്ളിൽ അനുവാദമില്ലാതെ സിഗരറ്റ് വലിച്ച യാത്രക്കാരനെ വഴിയിലിറക്കി ടാക്സി ഡ്രൈവർ. യാത്ര പാതിവഴിയിൽ റദ്ദാക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എസിയിട്ട് യാത്ര ചെയ്യുന്ന കാറിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരിൽ ഒരാൾ ഡ്രൈവറുടെ അനുമതിയില്ലാതെ സിഗരറ്റ് കത്തിച്ച് വലിക്കാൻ ഒരുങ്ങി. ഇതിൽ എതിർപ്പുമായി ടാക്സി ഡ്രൈവറും എത്തി. ഇതോടെ തർക്കമായി.
സിഗരറ്റ് കത്തിക്കുന്നതിന് മുൻപ് തന്നോട് അനുവാദം ചോദിച്ചിരുന്നോ എന്ന് ചോദിച്ച് ഡ്രൈവർ രോഷാകുലനായി. തുടർന്ന് കാറിനുള്ളിൽ പുകവലിച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച് യാത്രക്കാരനും പ്രകോപിതനായി. തന്നോട് ചോദിക്കാതെ വണ്ടിക്കുള്ളിൽ പുകവലിക്കാൻ പാടില്ലെന്ന് ഡ്രൈവർ കർശന നിലപാട് എടുത്തു. എന്നാൽ പുകവലിക്കാൻ ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്ന നിലപാട് യാത്രക്കാരനും സ്വീകരിച്ചു.
നിങ്ങൾ ഇരിക്കുന്നത് തന്റെ കാറിലാണെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ, ഇത് നിങ്ങളുടെ കാറല്ല ടാക്സി അല്ലേ എന്ന് യാത്രക്കാരനും ചോദിച്ചു. എന്നാൽ ടാക്സിയാണെങ്കിലും താനാണ് ഇത് ഓടിക്കുന്നതെന്നും നിങ്ങൾ ഈ വണ്ടി വിലയ്ക്ക് വാങ്ങിയിട്ടൊന്നുമില്ലല്ലോ എന്നും ഡ്രൈവർ തിരിച്ചു ചോദിച്ചു. തർക്കം മൂർച്ഛിച്ചതോടെ യാത്ര റദ്ദാക്കുകയും യാത്രക്കാരനെ ടാക്സി ഡ്രൈവർ ഇറക്കി വിടുകയുമായിരുന്നു. തനിക്ക് പണം വേണ്ടെന്നും വണ്ടിയിൽ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടാണ് ഡ്രൈവർ യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിട്ടത്. സംഭവത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.











0 comments