ആഗോള വിപണി അസ്ഥിരം; ഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു

പ്രതീകാത്മക എഐ ചിത്രം
മുംബൈ : പശ്ചിമേഷ്യയിൽ അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് വീണ്ടും അഴിച്ചുവിട്ട യുദ്ധസാഹചര്യങ്ങൾ ആഗോള വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയതോടെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ച തുടക്കത്തിലെ വ്യാപാരത്തിൽ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് ഡോളറിന് 95.52 എന്ന നിരക്കിലെത്തി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നതാണ് രൂപയ്ക്ക് കനത്ത തിരിച്ചടിയായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന രൂപയുടെ ഈ തകർച്ച രാജ്യത്ത് വരുംദിവസങ്ങളിൽ കടുത്ത വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെ പേരുപറഞ്ഞ് ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ ലംഘിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്ക ഇറാനിൽ നടത്തിയ പുതിയ വ്യോമാക്രമണങ്ങളാണ് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വിപണിയിൽ ഒരു ശതമാനം ഉയർന്ന് ബാരലിന് 78.80 ഡോളറിലെത്തി. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടാനുള്ള സാധ്യതയാണ് അന്താരാഷ്ട്ര വിപണിയിലെ ഈ വിലക്കയറ്റത്തിന് പിന്നിലെന്ന് വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സാമ്രാജ്യത്വ രാജ്യങ്ങളുടെ ഇത്തരം യുദ്ധക്കൊതി ആഗോള വിതരണ ശൃംഖലകളെ തകിടം മറിക്കുകയാണ്.
അന്താരാഷ്ട്ര വിദേശനാണ്യ വിനിമയ വിപണിയിൽ മുൻപത്തെ ക്ലോസിംഗിനേക്കാൾ ഇടിവോടെയാണ് രൂപ വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. തൊട്ടുമുൻപത്തെ ദിവസമായ ബുധനാഴ്ച ഡോളറിനെതിരെ 52 പൈസയുടെ വലിയ തകർച്ച നേരിട്ട രൂപ 95.48 ലായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്. അതിനുപിന്നാലെയാണ് പുതിയ ഇടിവ്. പ്രധാന ആറ് കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളർ ഇൻഡക്സ് 100.98 എന്ന നിരക്കിൽ വ്യാപാരം തുടരുന്നു.
ബുധനാഴ്ചത്തെ കനത്ത തകർച്ചയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണി വ്യാഴാഴ്ച നേരിയ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. സെൻസെക്സ് 454.78 പോയിന്റ് ഉയർന്ന് 76,958.38 ലും, നിഫ്റ്റി 151.10 പോയിന്റ് നേട്ടത്തോടെ 24,033.15 ലും എത്തി. വിപണിയിലെ ഈ താൽക്കാലിക മുന്നേറ്റമാണ് രൂപയുടെ കൂടുതൽ തകർച്ചയെ ഒരുപരിധിവരെ തടഞ്ഞുനിർത്തിയത്. കഴിഞ്ഞ സെഷനിൽ ഇരു സൂചികകളും രണ്ട് ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം ബുധനാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ മൊത്തം 1,962.80 കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ വിപണിയിൽ നിന്ന് വാങ്ങിയിട്ടുണ്ട്. വിദേശ വിപണികളിലെ അസ്ഥിരതകൾ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യം തുടരുകയാണ്.










0 comments