ട്രംപിന്റെ പ്രസ്താവന തള്ളി ഇസ്രയേൽ; ലെബനനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ല

Photo:AP/PTI
തെൽ അവീവ് : തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ സൈന്യം ഉടൻ പിന്മാറുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇസ്രയേൽ പ്രതിരോധ മന്ത്രി. ഹിസ്ബുള്ളയുടെ ഭീഷണി പൂർണമായും ഇല്ലാതാകുന്നത് വരെ സൈന്യം ലെബനനിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലെബനനിൽ പ്രവേശിക്കാൻ ഞങ്ങൾ ആരുടെയും അനുവാദം ചോദിച്ചിട്ടില്ല, അവിടെ തുടരാൻ ഞങ്ങൾക്ക് ആരുടെയും അനുവാദത്തിന്റെ ആവശ്യവുമില്ല, ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ഇസ്രയേൽ പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. ഹിസ്ബുള്ള ഭീഷണി പൂർണമായും ഇല്ലാതാക്കുന്നത് വരെയും ഇസ്രയേലിന്റെ വടക്കൻ മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെയും ലെബനനിലെ സുരക്ഷാ മേഖലയിൽ സൈന്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള ചർച്ചകൾക്ക് പിന്നാലെ, ഇസ്രയേൽ സൈന്യം ലെബനൻ വിടാൻ ഒരുങ്ങുകയാണെന്ന് ട്രംപ് നാറ്റോ ഉച്ചകോടിയിൽ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ ഈ പ്രതികരണം. ജൂൺ 26ന് യുഎസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച സുരക്ഷാ കരാർ പ്രകാരം രണ്ട് പ്രദേശങ്ങളുടെ നിയന്ത്രണം ലെബനൻ സൈന്യത്തിന് കൈമാറാൻ ഇസ്രയേൽ സമ്മതിച്ചിരുന്നുവെങ്കിലും ലക്ഷ്യം കാണുന്നത് വരെ സൈനിക നീക്കം തുടരുമെന്നാണ് ഇസ്രയേലിന്റെ നിലപാട്.
അതേസമയം, ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളിൽ നിരവധി കുടുംബങ്ങൾ പൂർണമായി ഇല്ലാതായെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു. ഈ ആക്രമണങ്ങളെ യുദ്ധക്കുറ്റമായി കണ്ട് അന്വേഷിക്കണമെന്നും ഇസ്രായേലിന്മേൽ സമഗ്രമായ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.










0 comments