ad
Deshabhimani

ഐപിഎല്ലിന് മുൻപ് ശാരീരിക ക്ഷമത നിർബന്ധം; കർശന നിലപാടുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

sreelankan players in ipl
വെബ് ഡെസ്ക്

Published on Mar 21, 2026, 06:48 PM | 1 min read

കൊളംബോ: വരാനിരിക്കുന്ന ഐപിഎൽ സീസണിൽ പങ്കെടുക്കുന്നതിനായി ശ്രീലങ്കൻ താരങ്ങൾക്ക് കർശനമായ ശാരീരിക ക്ഷമതാ നിബന്ധനകൾ ഏർപ്പെടുത്തി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ശാരീരിക ക്ഷമത ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് മാത്രമേ ഐപിഎല്ലിൽ കളിക്കുന്നതിനാവശ്യമായ എൻഒസി നൽകുകയുള്ളൂവെന്ന് ബോർഡ് അറിയിച്ചു.


നിലവിൽ ഡൽഹി ക്യാപിറ്റൽസ് താരങ്ങളായ ദുഷ്മന്ത ചമീര, പതും നിസ്സങ്ക, സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കാമിന്ദു മെൻഡിസ് എന്നിവർ ശാരീരിക ക്ഷമത ടെസ്റ്റുകൾ വിജയിക്കുകയും ഐപിഎല്ലിൽ കളിക്കാൻ അനുമതി നേടുകയും ചെയ്തിട്ടുണ്ട്.


എന്നാൽ മറ്റ് പ്രമുഖ താരങ്ങളായ വാനിന്ദു ഹസരംഗ (ലക്നൗ സൂപ്പർ ജയന്റ്സ്), നുവാൻ തുഷാര (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു), മതീഷ പതിരണ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ഈഷാൻ മലിംഗ (സൺറൈസേഴ്സ് ഹൈദരാബാദ്) എന്നിവർക്ക് എൻഒസി ലഭിക്കാൻ ശാരീരിക ക്ഷമത തെളിയിക്കേണ്ടതുണ്ട്.


ടി20 ലോകകപ്പിനിടെ പരിക്കേറ്റ ഹസരംഗ, പതിരണ, ഈഷാൻ മലിംഗ എന്നിവർ നിലവിൽ നിരീക്ഷണത്തിലാണ്. ഇവരുടെ പരിക്ക് ഭേദമായ ശേഷം മാത്രമേ ശാരീരിക ക്ഷമത ടെസ്റ്റ് നടത്തുകയുള്ളൂ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വലിയ തുകയ്ക്ക് സ്വന്തമാക്കിയ മതീഷ പതിരണയ്ക്ക് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നും ഏപ്രിൽ പകുതിയോടെ മാത്രമേ താരം പൂർണ്ണ സജ്ജനാകൂ എന്നുമാണ് റിപ്പോർട്ടുകൾ. നുവാൻ തുഷാരയുടെ ശാരീരിക ക്ഷമത ടെസ്റ്റിന്റെ ഫലം വന്ന ശേഷമേ എൻഒസി കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നും ബോർഡ് വ്യക്തമാക്കി.


ശ്രീലങ്കൻ സ്പോർട്സ് മന്ത്രാലയത്തിന്റെയും പുതിയ സെലക്ഷൻ കമ്മിറ്റിയുടെയും നിർദ്ദേശപ്രകാരമാണ് താരങ്ങളുടെ ശാരീരിക ക്ഷമതയിൽ ബോർഡ് കർശന നിലപാട് സ്വീകരിക്കുന്നത്. രണ്ട് കിലോമീറ്റർ ഓട്ടം ഉൾപ്പെടെയുള്ള കഠിനമായ പരിശോധനകളാണ് താരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. എട്ടു ആഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക പരിശീലന പരിപാടിയാണ് നിലവിൽ ദേശീയ താരങ്ങൾക്കായി ബോർഡ് നടത്തുന്നത്. മാർച്ച് 28 നാണ് 2026 ഐപിഎൽ ആരംഭിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home