ഇരട്ട സൂപ്പർ ഓവർ; ആവേശ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

അഹമ്മദാബാദ്: അവസാന നിമിഷം വരെ ആവേശം നിറച്ച ഇരട്ട സൂപ്പർ ഓവർ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഇടം നേടിയ മത്സരത്തിൽ നാല് റൺസിനാണ് വിജയം. അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സർ പറത്തി, വിജയം നല്‍കുമെന്ന് പ്രതീക്ഷ നല്‍കിയാണ് അഫ്ഗാന്‍ കീഴടങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസടിച്ചു. മറുപടിക്കെത്തിയ അഫിഗാനും 187 റൺസെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ അഫ്ഗാൻ 17 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തു. ഇതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങി. രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 23 റൺസാണ് അടിച്ചത്. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്‌ഗാനിസ്ഥാന് 19 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ: ദക്ഷിണാഫ്രിക്ക 187/6. 17/1. 23/0 അഫ്‌ഗാനിസ്ഥാൻ 187. 17/0. 19/2.
പ്രോട്ടീസിനെതിരെ അർധസെഞ്ചുറി നേടിയ റഹ്മാനുള്ള ഗുർബാസിന്റെ ഒറ്റയാൾ പോരാട്ടാമണ് അഫ്ഗാന്‍ കരുത്തായത്. 42 പന്തിൽ നിന്ന് ഏഴ് സിക്സും നാല് ഫോറും പറത്തിയ താരം 84 റൺസാണ് നേടിയത്. ഗുർബാസിന്റെ വെടിക്കെട്ടിന് പിന്നാലെ നാല് ഓവറിൽ അഫ്ഗാൻ 50 പിന്നിട്ടു. എന്നാൽ തുടർച്ചയായി മൂന്ന് വിക്കറ്റുകൾ വീണതോടെ 53/3 എന്ന നിലയിൽ ടീം പരുങ്ങലിലായി. ഇബ്രാഹീം സദ്രാൻ (10 പന്തിൽ 12), ഗുൽബദിൻ നെയ്‌ബ് (2 പന്തിൽ 0), സെദിഖുള്ള അടൽ (3 പന്തിൽ 0) എന്നിവരാണ് പുറത്തായത്. അപ്പോഴും ഒരറ്റത്ത് നിന്ന് ഗുർബാസ് ടീം സ്കോർ ഉയർത്തി കൊണ്ടിരുന്നു. ഡാർവിഷ് റസൂലിയുമായി (18 പന്തിൽ 15) ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഗുർബാസ് മടങ്ങിയത്. ടീം സ്കോർ 120 കടത്തിയ ശേഷമാണ് താരം വീണത്. പിന്നീട് എത്തിയവർ തിളങ്ങാതെ പോയതാടെ അഫ്ഗാൻ സ്കോർ ചലിക്കാതെയായി. 9 പന്തിൽ 15 റൺസ് നേടിയ നൂർ അഹമ്മദിന്റെ അവസാന രക്ഷാ ശ്രമമാണ് മത്സരം സൂപ്പർ ഓവറിലെത്തിച്ചത്.
തകർച്ചയോടെയാണ് ദക്ഷിണാഫ്രിക്കയും തുടങ്ങിയത്. കഴിഞ്ഞ കളിൽ അർധസെഞ്ചുറി നേടിയ ക്യാപ്‌റ്റൻ എയ്‌ദൻ മാർക്രത്തെ (8 പന്തിൽ 5) തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ റ്യാൻ റിക്കിൾട്ടണും (28 പന്തിൽ 61) ക്വിന്റൺ ഡി കോക്കും (41 പന്തിൽ 59) ചേർന്ന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് പടുത്തുയർത്തുകയായിരുന്നു. അർധസെഞ്ചുറി നേടിയ ഇരുവരും ചേർന്ന് 114 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12 ഓവറിൽ ടീം സ്കോർ 120 കടന്നെങ്കിലും പിന്നീട് എത്തിയ ഡെവാൾഡ് ബ്രെവിസ് (19 പന്തിൽ 23), ട്രിസ്‌റ്റൺ സ്‌റ്റബ്‌സും (2 പന്തിൽ 1), മാർകോ യാൻസെൺ (7 പന്തിൽ 16) എന്നിവർക്ക് വേഗത്തിൽ സ്കോർ കണ്ടെത്താൻ കഴിയാതെ പോയി. ഡേവിഡ് മില്ലെർ (15 പന്തിൽ 20) പുറത്താകാതെ നിന്നു. അസ്മതുള്ള ഒമർസായ് മൂന്നും റാഷ്ദ് ഖാൻ രണ്ടും വിക്കറ്റ് നേടി.










0 comments