ad
Deshabhimani

കിവികളെ കറക്കി വീഴ്ത്തി സുബ്രായനും മഹാരാജും; ട്വന്റി 20 പരമ്പര ഇനി ഫൈനൽ പോരാട്ടത്തിലേക്ക്

sa vs nz t20
വെബ് ഡെസ്ക്

Published on Mar 22, 2026, 05:58 PM | 1 min read

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി 20 പോരാട്ടത്തിൽ 19 റൺസിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി (2-2). വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ സ്പിന്നർമാരുടെ മാന്ത്രിക പ്രകടനമാണ് സന്ദർശകർക്ക് തുണയായത്. ഇതോടെ ബുധനാഴ്ച നടക്കുന്ന അവസാന ട്വന്റി 20, പരമ്പര വിജയികളെ നിർണ്ണയിക്കുന്ന ഫൈനൽ മത്സരമായി മാറും


ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്. വിയാൻ മുൾഡറെ പൂജ്യത്തിന് പുറത്താക്കി കൈൽ ജാമിസൺ തുടക്കത്തിൽ തന്നെ കിവികൾക്ക് മുൻതൂക്കം നൽകിയെങ്കിലും കോണർ എസ്റ്റർഹ്യൂസന്റെ തകർപ്പൻ ബാറ്റിംഗ് ദക്ഷിണാഫ്രിക്കയെ കരകയറ്റി.


തന്റെ കരിയറിലെ കന്നി അന്താരാഷ്ട്ര ട്വന്റി 20 അർദ്ധ സെഞ്ചുറി നേടിയ എസ്റ്റർഹ്യൂസൻ 36 പന്തിൽ 57 റൺസ് അടിച്ചെടുത്തു. അവസാന ഓവറുകളിൽ മഞ്ഞുവീഴ്ചയുണ്ടായിട്ടും സിയേഴ്സിന്റെയും ഫൗൾക്സിന്റെയും കൃത്യതയാർന്ന ബൗളിംഗ് ദക്ഷിണാഫ്രിക്കൻ സ്കോർ 164 ൽ ഒതുക്കാൻ ന്യൂസിലൻഡിനെ സഹായിച്ചു.


മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. പവർപ്ലേ ഓവറുകളിൽ ടിം റോബിൻസൺ തകർത്തടിച്ചതോടെ കിവികൾ വിജയത്തിലേക്ക് അനായാസം നീങ്ങുമെന്ന് കരുതിയിരുന്നു. എന്നാൽ പവർപ്ലേയുടെ അവസാന ഓവറിൽ റോബിൻസണെ (32) പുറത്താക്കി ജെറാൾഡ് കോട്‌സി ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി.


പിന്നീട് കണ്ടത് സ്പിന്നർമാരായ പ്രെനലൻ സുബ്രായന്റെയും കേശവ് മഹാരാജിന്റെയും തേരോട്ടമായിരുന്നു.

അരങ്ങേറ്റക്കാരനായ സുബ്രായൻ ക്ലീവറെയും ബെവൻ ജേക്കബ്സിനെയും പുറത്താക്കിയപ്പോൾ, തൊട്ടടുത്ത ഓവറുകളിൽ മഹാരാജ് കെല്ലിയെയും മക്കോഞ്ചിയെയും മടക്കി. ഇരുവരും ചേർന്ന് വെറും ഏഴ് ഓവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയതോടെ ന്യൂസിലൻഡിന്റെ തകർച്ച പൂർണ്ണമായി.


ഒടുവിൽ 19-ാം ഓവറിൽ 145 റൺസിന് ന്യൂസിലൻഡ് ഇന്നിംഗ്സ് അവസാനിച്ചു. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ജെറാൾഡ് കോട്‌സിയാണ് വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയത്. ബാറ്റിംഗിലും ഫീൽഡിംഗിലും തിളങ്ങിയ കോണർ എസ്റ്റർഹ്യൂസൻ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 25-നാണ് പരമ്പരയിലെ നിർണ്ണായകമായ അവസാന മത്സരം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home