'ആ ഷോട്ട് ആവശ്യമില്ലായിരുന്നു, പദ്ധതിയിൽനിന്ന് വ്യതിചലിച്ചു'; തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്മൃതി മന്ദാന

ഇൻഡോർ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ജയത്തിന്റെ വക്കിൽനിന്ന് ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയതിന്റെ ഉത്തരവാദി തനെന്ന് ഇന്ത്യൻ താരം സ്‌മൃതി മന്ദാന. ഇംഗ്ലണ്ടിനോട് നാല് റൺസിന് തോറ്റത്തിന് പിന്നാലെയാണ് താരം സ്വയം പഴിച്ച് രംഗത്തെത്തിയത്. സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ജയം അനിവാര്യമായ ഘട്ടത്തിൽ മോശം ഷോട്ട് കളിച്ചത് തിരിച്ചടിയായെന്ന് താരം പറയുന്നു. ഇന്ത്യ പരാജയത്തോട് അടുത്തപ്പോൾ ഡഗൗട്ടിൽ നിരാശയോടെ ഇരിക്കുന്ന സ്മൃതി മന്ദാനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
'വൈകാരികമായി ചിന്തിച്ച് ഏരിയൽ സ്ട്രോക്കുകൾ കളിച്ചതാണ് തിരച്ചടയിയായത്. ഒരു ഓവറിൽ ആറ് റൺസ് വീതം നേടിയാൽ മതിയായിരുന്നു. കവറുകളിലൂടെ കൂടുതൽ റൺസ് നേടാൻ ലക്ഷ്യംവെച്ച ഷോട്ട് പിഴച്ചു. ആ ഷോട്ട് ആവശ്യമില്ലായിരുന്നു. കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. അശ്രദ്ധമായി കളിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'- താരം പറഞ്ഞു.
289 റൺ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന ഓവറുകളിലാണ് കളി കൈവിട്ടത്. മൂന്നോവറിൽ നാല് വിക്കറ്റ് ശേഷിക്കെ 27 റണ്ണായിരുന്നു ലക്ഷ്യം. അവസാന ഓവറിൽ 14ഉം. എന്നാൽ അമൻജോത് കൗറിനും (18) സ്‌നേഹ് റാണയ്‌ക്കും (10) ലക്ഷ്യം നേടാനായില്ല. 94 പന്തിൽ 88 റണ്ണെടുത്ത സ്‌മൃതി മന്ദാനയുടെയും 70 പന്തിൽ 70 റണ്ണെടുത്ത ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറിന്റെയും പോരാട്ടം പാഴായി. ദീപ്‌തി ശർമ 57 പന്തിൽ 50 റണ്ണെടുത്തു.
42 റണ്ണെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ മന്ദാനയും ഹർമൻപ്രീതും ചേർന്നാണ് തിരികെ കൊണ്ടുവന്നത്. 122 പന്തിൽ 125 റണ്ണാണ് ഇരുവരും ചേർന്ന് നേടിയത്. പത്ത് ഫോറുമായി മികച്ച പ്രകടനം പുറത്തെടുത്ത ഹർമൻപ്രീത് 31–ാമത്തെ ഓവറിൽ പുറത്താകുകയായിരുന്നു. മൂന്നിന് 170 റണ്ണെന്ന നിലയിലായിരുന്നു ആ ഘട്ടത്തിൽ ടീം. തുടർന്ന് മന്ദാനയും ദീപ്‌തിയും ഒത്തുചേർന്നു. ഇൗ സഖ്യം 66 പന്തിൽ 67 റണ്ണാണ് നേടിയത്. 42–ാമത്തെ ഓവറിൽ സ്‌മിത്തിന്റെ പന്തിൽ മന്ദാന പുറത്തായതോടെ കളി മാറിത്തുടങ്ങി. റിച്ചാ ഘോഷും (8) ദീപ്‌തിയും അനാവശ്യ ഷോട്ടിൽ മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങുകയായിരുന്നു. ഹീതർ നൈറ്റിന്റെ (91 പന്തിൽ 109) സെഞ്ചുറിയിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോർ നേടിയത്. ഇന്ത്യൻ ബൗളർമാരിൽ ദീപ്‌തി നാല് വിക്കറ്റ് നേടി. ഏകദിനത്തിൽ 150 വിക്കറ്റും തികച്ചു. 23ന് ന്യൂസിലൻഡുമായാണ് അടുത്ത മത്സരം. ജയിച്ചാൽ സെമി സാധ്യത നിലനിർത്താം.










0 comments