ad
Deshabhimani

മലയാള നാട്‌ സാക്ഷി; ചരിത്രത്തിലേക്ക് ബാറ്റ് വീശി സ്മൃതി മന്ദാന; 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം

smrithi mandana
വെബ് ഡെസ്ക്

Published on Dec 28, 2025, 10:53 PM | 1 min read

തിരുവനന്തപുരം: കളിക്കളത്തിനകത്തും പുറത്തും താരമായ സ്മൃതി മന്ദാനയ്ക്ക് തിരുവനന്തപുരത്തിന്റെ മണ്ണിൽ പുതുനേട്ടം. ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിലാണ് 10,000 റൺസ് ക്ലബ്ബിലെത്തുന്ന താരമായി സ്മൃതി ബാറ്റ് വീശിയത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ രണ്ടാമത്തെ താരവും ലോക ക്രിക്കറ്റിലെ നാലാമത്തെ താരവുമാണ് സ്മൃതി.


മത്സരത്തിന് മുൻപ് 10,000 റൺസ് തികയ്ക്കാൻ സ്മൃതിക്ക് 27 റൺസ് കൂടി മതിയായിരുന്നു. കഴിഞ്ഞ കളികളെ അപേക്ഷിച്ച് ഫോം വീണ്ടെടുത്ത താരം 20 പന്തുകൾ മാത്രം നേരിട്ട് അപൂർവ ക്ലബ്ബിൽ അംഗമായി. മുൻ ക്യാപ്റ്റൻ മിഥാലി രാജിന് ശേഷം ഈ റെക്കോഡ് നേടുന്ന താരമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ മിന്നും ഓപ്പണർ. ടെസ്റ്റിൽ 629, 117 ഏകദിനങ്ങളിൽ 5,322, 157 ട്വന്റി-20 മത്സരങ്ങളിലായി 4,102 റൺസ് എന്നിങ്ങനെയാണ് സ്മൃതിയുടെ സമ്പാദ്യം.


കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് മിന്നും ജയം നേടി. 30 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യൻ വനിതകൾ ഉയർത്തിയ 222 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ശ്രീലങ്കൻ ടീം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ കീഴടങ്ങി. 52 റൺസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പട്ടു പൊരുതിയെങ്കിലും ഫലമുണ്ടായില്ല.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻനിര രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 221 റൺസ് നേടിയിരുന്നു. 48 പന്തിൽ 80 റൺസ് നേടിയ സ്മൃതി മന്ദാനയുടെയും ഷഫാലിയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.


വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിലും കാര്യവട്ടത്തെ മൂന്നാം മത്സരത്തിലും സുന്ദരമായ ബാറ്റിങ് വിരുന്നൊരുക്കിയ ഷഫാലിയുടെ തുടർച്ച മത്സരത്തിൽ സഹായകരമായി. ഇരട്ടി സന്തോഷമാണ് ഈ പരമ്പരയിൽ ഇതുവരെ മികച്ച സ്കോറുകൾ കണ്ടെത്താനാവാത്ത വൈസ് ക്യാപ്റ്റനും സൂപ്പർ താരവുമായ സ്മൃതി മന്ദാനയുടെ ഫോം വീണ്ടെടുക്കൽ ആരാധകർക്ക് ലഭിച്ചത്. ആധികാരികമായ നാലാമത്തെ വിജയമാണിത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home