ശ്രേയസ് അയ്യർക്കേറ്റ പരിക്ക് ഗുരുതരം; ഇടത് വാരിയെല്ലിന് പരിക്ക് , ഐസിയുവിൽ പ്രവേശിപ്പിച്ചു

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കേറ്റ പരിക്ക് ഗുരുതരം.അലക്‌സ്‌കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യർക്ക് പരിക്കേറ്റത്. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു.
ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു.ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യർ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് തുടക്കത്തിലെ വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ പരിക്ക് ഭേദമാകാനുള്ള സമയം ഇനി കൂടുതലായേക്കാമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
'കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തി, ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതുള്ളതിനാൽ രോഗം ഭേദമാകുന്നതിനനുസരിച്ച് ഏഴു ദിവസം വരെ അദ്ദേഹം നിരീക്ഷണത്തിൽ തുടരും' ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പേർട്ട് ചെയ്തു.









0 comments