ad
Deshabhimani

ക്യാപ്റ്റൻ പോയിട്ട് കളിക്കാരനാകാൻ പോലുമുള്ള നിലവാരമില്ല; ഷഹീൻ അഫ്രീദിക്കെതിരെ രൂക്ഷവിമർശനം

shaheen afreedi and rasheed lathef
വെബ് ഡെസ്ക്

Published on Mar 20, 2026, 04:47 PM | 1 min read

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകനും പ്രമുഖ പേസറുമായ ഷഹീൻ ഷാ അഫ്രീദിക്കെതിരെ മുൻ താരം റഷീദ് ലത്തീഫ് രംഗത്ത്. ഷഹീന്റെ ഫോമിനെയും ടീമിലെ സ്ഥാനത്തെയും ചോദ്യം ചെയ്ത ലത്തീഫ്, താരം നിലവിൽ ടീമിൽ കളിക്കാൻ പോലും യോഗ്യനല്ലെന്ന് തുറന്നടിച്ചു.


ഏകദിന ക്യാപ്റ്റനായി ഷഹീനെ നിയമിച്ചതിനെതിരെ ഭാര്യാപിതാവ് കൂടിയായ ഷാഹിദ് അഫ്രീദി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം കടുപ്പിച്ച് ലത്തീഫും എത്തിയത്.ഷഹീൻ ഏകദിന നായകനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ പലരും പറയുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം അതിനുമപ്പുറമാണെന്ന് ലത്തീഫ് ചൂണ്ടിക്കാട്ടി. "അദ്ദേഹം ടീമിൽ ഇടംനേടാൻ പോലും അർഹനല്ല എന്നതാണ് സത്യം.


ഷഹീനെ ടി20 നായകനാക്കണമെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ നിലവിലെ മോശം ഫോം കണക്കിലെടുത്താൽ അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ആ പഴയ പ്രതാപകാലമൊക്കെ കഴിഞ്ഞുപോയി," ലത്തീഫ് വ്യക്തമാക്കി.


സമീപകാലത്തെ ടൂർണമെന്റുകളിൽ ഷഹീൻ നടത്തിയ നിരാശാജനകമായ പ്രകടനമാണ് വിമർശനങ്ങൾക്ക് ആധാരം. ടി20 ലോകകപ്പിൽ പാക് പേസ് നിരയെ നയിച്ച അഫ്രീദിക്ക് ഇന്ത്യ, യുഎസ്എ, ശ്രീലങ്ക എന്നിവർക്കെതിരായ മത്സരങ്ങളിൽ മികവ് കാട്ടാനായില്ല. ഇന്ത്യക്കെതിരെ രണ്ട് ഓവറിൽ 31 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല.


അമേരിക്കക്കെതിരെ നാല് ഓവറിൽ 42 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ശ്രീലങ്കക്കെതിരായ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിൽ ഷഹീൻ എറിഞ്ഞ ഇരുപതാം ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ റൺസ് വിട്ടുകൊടുത്തത് പാകിസ്ഥാന് തിരിച്ചടിയായിരുന്നു. ലോകകപ്പിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ 1-2ന് പാകിസ്ഥാൻ പരാജയപ്പെട്ടതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home