ad
Deshabhimani

print edition ഗ്രീൻഫീൽഡിൽ ഷഫാലി ഷോ ; 42 പന്തിൽ 79

shafali varma India Srilanka T20
avatar
എസ് കിരൺബാബു

Published on Dec 27, 2025, 12:30 AM | 1 min read


തിരുവനന്തപുരം

ബാറ്റിൽ ഷഫാലി വർമയും പന്തിൽ രേണുക സിങ്ങും നിറഞ്ഞാടിയപ്പോൾ കാര്യവട്ടം ഗ്രീൻ-ഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ കുതിപ്പ്‌. ആധികാരിക ജയത്തോടെ ശ്രീലങ്കയുമായുള്ള വനിതാ ട്വന്റി20 ക്രിക്കറ്റ്‌ പരന്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ എട്ട്‌ വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്കയെ രേണുകയുടെ നാല്‌ വിക്കറ്റ്‌ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ ഏഴിന്‌ 112ൽ ഒതുക്കി. മറുപടിയിൽ രണ്ട്‌ വിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തി 13.2 ഓവറിൽ ജയംകുറിച്ചു. 42 പന്തിൽ 79 റണ്ണുമായി പുറത്താകാതെനിന്ന ഷഫാലിയാണ്‌ ജയം എളുപ്പമാക്കിയത്‌.


സ്‌കോർ: ശ്രീലങ്ക 112/7 ; ഇന്ത്യ 115/2 (13.2)


ചെറിയ ലക്ഷ്യത്തിലേക്ക്‌ വെടിക്കെട്ട്‌ തുടക്കമായിരുന്നു ഇന്ത്യക്ക്‌. ആദ്യ ഓവറിൽതന്നെ സിക്‌സറും ഫോറും പറത്തി ഷഫാലി ഉദ്ദേശം വ്യക്തമാക്കി. പക്ഷേ, മറുവശത്ത്‌ സ്‌മൃതി മന്ദാന (1) ലങ്കൻ സ്‌പിന്നർ കവിഷ ദിൽഹരിയുടെ പന്തിൽ പുറത്തായി. ജമീമ റോഡ്രിഗസും (9) വേഗം മടങ്ങി. ഷഫാലിയെ ബാധിച്ചില്ല. 24 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി. മൂന്ന്‌ സിക്‌സറും 11 ഫോറും ഉൾപ്പെട്ടു. 21 റണ്ണുമായി ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ ക‍ൗറായിരുന്നു കൂട്ട്‌. ട്വന്റി20യിൽ ഏറ്റവും കൂടുതൽ ജയം നേടുന്ന ക്യാപ്‌റ്റനുമായി ഹർമൻപ്രീത്‌ (77 എണ്ണം).


ശ്രീലങ്കൻ ബാറ്റർ ഹർഷിത സമരവിക്രമയെ 
പുറത്താക്കാൻ ഇന്ത്യൻ പേസർ രേണുക സിങ്ങ്‌ സ്വന്തം ബ‍ൗളിങിൽ ക്യാച്ചെടുത്തപ്പോൾ     ഫോട്ടോ: ജി പ്രമോദ്‌


ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്കയ്‌ക്ക്‌ പിടിച്ചുനിൽക്കാനായില്ല. 27 റണ്ണെടുത്ത ഇമേഷ ദുലാനിയാണ്‌ ടോപ്‌ സ്‌കോറർ. ഒരു വർഷത്തെ ഇടവേളയ്‌ക്കുശേഷം ടീമിലെത്തിയ രേണുക മിന്നി. നാലോവറിൽ ഒരു മെയഡ്‌ൻ ഉൾപ്പെടെ 21 റൺ മാത്രം വഴങ്ങിയാണ്‌ നാല്‌ വിക്കറ്റെടുത്തത്‌. ദീപ്‌തി ശർമ മൂന്ന്‌ വിക്കറ്റെടുത്തു. രാജ്യാന്തര ട്വന്റി20യിൽ 151 വിക്കറ്റുമായി ദീപ്‌തി ഓസ്‌ട്രേലിയയുടെ മേഗൻ ഷുട്ടുമായി ഒന്നാംസ്ഥാനം പങ്കിട്ടു. ഏകദിനത്തിലും ട്വന്റി20യിലും ഇ‍ൗ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home