പാക് ക്രിക്കറ്റിൽ സർഫറാസ് യുഗം: ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ നായകൻ ചുമതലയേറ്റു

Photo Credit|Social Media
ലാഹോർ: ബംഗ്ലാദേശിനെതിരായ നിർണ്ണായക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്താൻ ക്രിക്കറ്റിൽ വൻ അഴിച്ചുപണി. മുൻ നായകൻ സർഫറാസ് അഹമ്മദിനെ പാകിസ്താൻ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചു.
ടീം പ്രഖ്യാപനത്തോടൊപ്പമാണ് ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ആവേശം കൊള്ളിക്കുന്ന ഈ പ്രഖ്യാപനം പിസിബി നടത്തിയത്. 2017-ൽ പാകിസ്താനെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്ക് നയിച്ച സർഫറാസ്, കഴിഞ്ഞ മാസമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
ദേശീയ സെലക്ഷൻ പാനലിൽ അംഗമായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച സർഫറാസ്, പാക് ക്രിക്കറ്റിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇനി നിർണ്ണായക പങ്കുവഹിക്കും. സർഫറാസിനൊപ്പം മുൻ സഹതാരങ്ങളായ അസദ് ഷഫീഖ് ബാറ്റിംഗ് പരിശീലകനായും ഉമർ ഗുൽ ബൗളിംഗ് പരിശീലകനായും ചുമതലയേൽക്കും.
മുൻനിര താരങ്ങൾ തന്നെ പരിശീലക വേഷത്തിൽ എത്തുന്നത് ടീമിനുള്ളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.നിലവിൽ പുരുഷ-വനിതാ സെലക്ഷൻ കമ്മിറ്റികളിൽ അംഗമായ അസദ് ഷഫീഖ് ആദ്യമായാണ് ഒരു പരിശീലക ദൗത്യം ഏറ്റെടുക്കുന്നത്.
അതേസമയം, മുൻപ് പാകിസ്താന്റെ വൈറ്റ് ബോൾ ക്രിക്കറ്റ് ടീമുകളിൽ ബൗളിംഗ് പരിശീലകനായി പ്രവർത്തിച്ച പരിചയവുമായാണ് ഉമർ ഗുൽ ടെസ്റ്റ് ടീമിനൊപ്പം ചേരുന്നത്. ഷാൻ മസൂദ് നയിക്കുന്ന ടീമും പുതുതായി നിയമിതരായ പരിശീലക സംഘവും തമ്മിലുള്ള ഒത്തൊരുമ ബംഗ്ലാദേശ് പര്യടനത്തിൽ പാകിസ്താന് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പാകിസ്താൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. പരിചയസമ്പന്നരായ മുൻ താരങ്ങളുടെ നേതൃത്വത്തിൽ പാക് ടീമിനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മുൻനിരയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന കടുത്ത ദൗത്യമാണ് പുതിയ പരിശീലക സംഘത്തിന് മുന്നിലുള്ളത്. മെയ് എട്ടിന് ധാക്കയിൽ തുടങ്ങുന്ന ആദ്യ ടെസ്റ്റിലാകും സർഫറാസിന്റെയും സംഘത്തിന്റെയും കന്നി പരീക്ഷണം










0 comments