അരങ്ങേറ്റ സീസണിൽ തിളങ്ങി സഞ്‌ജു സാംസൺ
print edition ചെന്നൈ വാഴ്‌ച

ഡൽഹിക്കെതിരെ അർധ സെഞ്ചുറി തികച്ച ചെന്നെെ ഓപ്പണർ സഞ്--ജു സാംസൺ
ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്‌സിലെ അരങ്ങേറ്റ സീസൺ സഞ്‌ജു സാംസൺ ആഘോഷമാക്കുന്നു. ആദ്യ മൂന്ന് കളിയിൽ ഒറ്റയക്കത്തിന് പുറത്തായെങ്കിലും പിന്നീടങ്ങോട്ട് ചെന്നൈയുടെ തിരിച്ചുവരവിന് കരുത്തേകിയത് മലയാളി വിക്കറ്റ് കീപ്പറുടെ മികവാണ്.
പത്ത് കളിയിൽ 402 റണ്ണായി. റണ്ണടിക്കാരുടെ പട്ടികയിൽ അഞ്ചാമൻ. രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും. അവസാന കളിയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 52 പന്തിൽ 87 റണ്ണുമായി പുറത്താകാതെനിന്ന് മാൻ ഓഫ് ദി മാച്ചുമായി.
ചെന്നൈ ടീമിന്റെ നെടുന്തൂണെന്നാണ് മത്സരശേഷം സഞ്‌ജുവിനെ ക്യാപ്‌റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദ് വിശേഷിപ്പിച്ചത്. സഞ്‌ജുവിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് ടീമിന്റെ ജയം നിശ്‌ചയിക്കപ്പെടുന്നത്. മുപ്പതുകാരൻ മികച്ച പ്രകടനം നടത്തിയ കളികളിൽ ടീം ജയിച്ചു. പരാജയപ്പെടുന്പോൾ ടീമും തോൽക്കുന്നു. അഞ്ച് കളിയിൽ 362 റണ്ണാണ് ടീം ജയിക്കുന്പോഴുള്ള പ്രകടനം. 181 ശരാശരിയും 178.32 പ്രഹരശേഷിയും. തോറ്റ അഞ്ച് കളിയിൽ നേടിയത് 40 റൺ മാത്രമാണ്. എട്ടാണ് ശരാശരി. പ്രഹരശേഷി 108.1ഉം.
ഡൽഹിക്കെതിരെ സെഞ്ചുറി നേടാൻ അവസരമുണ്ടായിട്ടും അതിന് ശ്രമിച്ചില്ല. ‘സെഞ്ചുറികൾ എപ്പോഴും സ്‌പെഷ്യലാണ്. നേടുകയെന്നത് ആഗ്രഹവും. പക്ഷേ, പങ്കാളി മറുവശത്ത് നന്നായി ബാറ്റ് വീശുന്പോൾ നമ്മൾ സെഞ്ചുറിക്കായി സിംഗിൾ തരണമെന്ന് ആവശ്യപ്പെടുന്നത് സ്വാർഥതയുടെ ലക്ഷണമാണ്. പങ്കാളി മികച്ച കളി പുറത്തെടുക്കുകയും ടീം ജയിക്കുകയും ചെയ്യുന്പോൾ കൂടുതൽ സന്തോഷവും ആത്മവിശ്വാസവുമാണ് ലഭിക്കുക– മത്സരശേഷം സഞ്‌ജു പറഞ്ഞു.
ഡൽഹിക്കെതിരെ അവസാന ഇരുപത് റണ്ണടിച്ചത് കാർത്തിക് ശർമയാണ്. 31 പന്തിൽ 41 റണ്ണുമായി മികച്ച പിന്തുണയും യുവതാരം നൽകി.
കളത്തിന് പുറത്തെ ‘ചേട്ടാ’ വിളികൾ ആസ്വദിക്കാറുണ്ടെന്ന് സഞ്‌ജു പറഞ്ഞു. പക്ഷേ, കൂടുതൽ ഇഷ്ടം ‘സഞ്‌ജു’ എന്ന് വിളിക്കുന്പോഴാണ്. കളത്തിൽ മാത്രമല്ല, ജീവിതത്തിൽ എപ്പോഴും ശാന്തത കൈവിടാറില്ലെന്നും മലയാളി വിക്കറ്റ് കീപ്പർ വ്യക്തമാക്കി.










0 comments