ചെന്നൈയിൽ എന്തുകൊണ്ട് ക്യാപ്റ്റനായില്ല? സഞ്ജു സാംസൺ മനസ്സ് തുറക്കുന്നു

ചെന്നൈ: ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയ മലയാളി താരം സഞ്ജു സാംസൺ, ടീമിലെ തന്റെ നായകസ്ഥാനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകുന്നു.
ചെന്നൈ ടീമിലെത്തിയപ്പോൾ ക്യാപ്റ്റൻ സ്ഥാനം തന്റെ ചിന്തകളിൽ പോലുമില്ലായിരുന്നുവെന്നും ഒരു പുതിയ കുടുംബത്തിലേക്ക് എത്തുമ്പോൾ നിബന്ധനകൾ വെക്കുന്നത് ശരിയല്ലെന്നും സഞ്ജു വ്യക്തമാക്കി. 'സൂപ്പർ കിംഗ്‌സ്' പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാൻ റോയൽസിൽ തനിക്ക് വ്യക്തമായ ഒരു സ്ഥാനവും ടീമും ഉണ്ടായിരുന്നുവെന്ന് സഞ്ജു ഓർമ്മിപ്പിച്ചു. അത്തരമൊരു സാഹചര്യത്തിൽ നിന്ന് മറ്റൊരു ടീമിലേക്ക് മാറുമ്പോൾ അധികാരത്തിന് വേണ്ടിയുള്ള വാശി പിടിക്കുന്നത് ഉചിതമല്ല.
"നമ്മൾ ഒരു പുതിയ വീട്ടിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ അവിടെ ആവശ്യങ്ങൾ ഉന്നയിച്ചല്ല ചെല്ലേണ്ടതെന്ന് ഞാൻ പഠിച്ചിട്ടുണ്ട്. അവിടെ ചെന്ന് നമ്മുടെ മൂല്യം തെളിയിക്കുകയാണ് വേണ്ടത്. പരമാവധി മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന് ഗുണകരമാവുക എന്നതാണ് ലക്ഷ്യം," സഞ്ജു പറഞ്ഞു.
താൻ ഒരു മലയാളി ആണെന്നത് തന്റെ പ്രവർത്തനശൈലിയെ സ്വാധീനിച്ചിട്ടുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു. ചെന്നൈയിലും ദുബായിലുമൊക്കെ ഒരുപാട് മലയാളികൾ ജോലി ചെയ്യുന്നുണ്ട്.
തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് സ്വന്തം ജീവിതം നൽകിയും നന്ദി കാണിക്കുന്നവരാണ് മലയാളികളെന്ന് സഞ്ജു പറഞ്ഞു. തന്നെ വിശ്വസിച്ച് ടീമിലെത്തിച്ച സിഎസ്‌കെയ്‌ക്കായി തന്റെ സർവ്വവും നൽകാൻ തയ്യാറാണെന്ന വൈകാരികമായ പ്രതികരണവും അദ്ദേഹം നടത്തി.
നിലവിലെ സിഎസ്‌കെ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ സഞ്ജു പ്രശംസ കൊണ്ട് മൂടി. താൻ അഞ്ച് വർഷത്തോളം മറ്റൊരു ടീമിനെ നയിച്ച പരിചയമുള്ളയാളാണെന്ന് അറിഞ്ഞിട്ടും തന്നെ ടീമിലേക്ക് ക്ഷണിക്കാൻ ഋതുരാജ് കാണിച്ച ആത്മവിശ്വാസം വലുതാണ്.
ഋതുരാജ് ഒരു വ്യത്യസ്തനായ സൂപ്പർ സ്റ്റാർ ആണെന്നും അദ്ദേഹത്തിന്റെ ശാന്തതയും ആത്മവിശ്വാസവും ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ അപൂർവ്വമാണെന്നും സഞ്ജു പറഞ്ഞു. ഋതുരാജ് തന്നെയാണ് തന്നെ ടീമിലേക്ക് വരാൻ നേരിട്ട് ക്ഷണിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി.
ഈ സീസണിൽ ചെന്നൈയ്ക്കായി മിന്നും ഫോമിലാണ് സഞ്ജു ബാറ്റ് വീശുന്നത്. ട്വന്റി20 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' മികവ് ഐപിഎല്ലിലും തുടരുന്ന സഞ്ജു, പത്ത് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളടക്കം 400-ലധികം റൺസ് ഇതിനകം നേടിക്കഴിഞ്ഞു. സഞ്ജുവിന്റെ ഈ ബാറ്റിംഗ് മികവ് ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് വലിയ കരുത്താണ് പകരുന്നത്.










0 comments