അഫ്ഗാനിസ്ഥാനെതിരായ പരമ്പര; സഞ്ജു സാംസണും മുഹമ്മദ് ഷാമിയും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയേക്കും

Photo Credit: Social Media
ന്യൂഡൽഹി: ഐപിഎൽ 2026 സീസണിന് തൊട്ടുപിന്നാലെ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാന്റെ ഇന്ത്യൻ പര്യടനത്തിനുള്ള ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണും മുതിർന്ന പേസർ മുഹമ്മദ് ഷാമിയും തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഒരു ടെസ്റ്റും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് കളിക്കുക. പരമ്പരയ്ക്കുള്ള ടീമുകളെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഉടൻ പ്രഖ്യാപിക്കും. റാങ്കിംഗിൽ പിന്നിലുള്ള ടീമിനെതിരെയുള്ള അസൈൻമെന്റ് ആയതിനാൽ, വരാനിരിക്കുന്ന നീണ്ട സീസണുകൾ മുൻനിർത്തി ഇന്ത്യൻ ടീമിൽ, പ്രത്യേകിച്ച് ടെസ്റ്റ് സ്ക്വാഡിൽ ബിസിസിഐ ചില പ്രധാന അഴിച്ചുപണികൾ നടത്തിയേക്കുമെന്നാണ് സൂചന.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം ജൂൺ 6 മുതൽ 10 വരെ ന്യൂ ചണ്ഡിഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുക. ഇതിനുശേഷം ജൂൺ 14 മുതലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുക. ആദ്യ മത്സരം ധർമ്മശാലയിലും, രണ്ടാം ഏകദിനം ജൂൺ 17-ന് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലും, മൂന്നാമത്തെയും അവസാനത്തെയും മത്സരം ജൂൺ 20-ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലും നടക്കും.
പ്രമുഖ പേസർമാരായ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും ടെസ്റ്റ് മത്സരത്തിൽ വിശ്രമം അനുവദിക്കാൻ സാധ്യതയുള്ളതിനാൽ, പേസ് ആക്രമണത്തെ മുന്നിൽ നിന്ന് നയിക്കാൻ പറ്റിയ പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്.ഈ സാഹചര്യത്തിലാണ് പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷാമിയെ ടെസ്റ്റ് മത്സരത്തിലേക്ക് ബിസിസിഐ പരിഗണിക്കുന്നത്.
2023 ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം പരിക്കുമൂലം ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടില്ലെങ്കിലും, ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായും ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായും നടത്തിയ മികച്ച പ്രകടനങ്ങളിലൂടെ ഷാമി തന്റെ ഫിറ്റ്‌നസ് ഇതിനകം തെളിയിച്ചിട്ടുണ്ട്.
തന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കകളെല്ലാം തള്ളിക്കളഞ്ഞ് ഐപിഎല്ലിൽ ലഖ്‌നൗവിനായി ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ താരം വീഴ്ത്തി. കൂടാതെ കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ ബംഗാളിനായി 37 വിക്കറ്റുകൾ നേടി ഷാമി മികച്ച ഫോമിലാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
മറുഭാഗത്ത്, ആരാധകർക്ക് ഏറെ ആവേശം നൽകിക്കൊണ്ട് സഞ്ജു സാംസൺ ഇന്ത്യൻ ഏകദിന ടീമിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഇതിനകം രണ്ട് തകർപ്പൻ സെഞ്ച്വറികൾ അടിച്ചുകൂട്ടിയ സഞ്ജു, അടുത്തിടെ സമാപിച്ച ട്വന്റി 20 ലോകകപ്പിലും ഇന്ത്യൻ ടീമിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഈ മിന്നും ഫോം തന്നെയാണ് താരത്തിന് വീണ്ടും ഏകദിന ടീമിലേക്ക് വഴിതുറക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ ഏകദിന ടീമിന്റെ കോർ ഘടനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും, വിക്കറ്റ് കീപ്പർ സ്ഥാനത്ത് സഞ്ജു സാംസൺ ഇടം നേടാനാണ് ശക്തമായ സാധ്യതയെന്ന് ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.










0 comments