ഐപിഎൽ 2026
സഞ്ജുവിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം, മികച്ച താരമെന്ന് ഇതിഹാസ ക്രിക്കറ്റര്‍മാര്‍

സഞ്ജു സാംസൺ (Photo Credit BCCI)
തിരുവനന്തപുരം : ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം മികച്ചതാണെന്നും തന്റെ മൂല്യം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ പറഞ്ഞു. പരിചയ സമ്പന്നനായ ഒരാള്‍ കളിക്കുന്നത് പോലെയാണ് സഞ്ജുവിന്റെ പ്രകടനം. യുവതാരം കാര്‍ത്തിക് ശര്‍മയെപ്പോലുള്ള താരങ്ങളെ ചേര്‍ത്തുനിര്‍ത്തി നടത്തുന്ന പോരാട്ടം മികച്ചതാണെന്നും ഈ രീതിയില്‍ കളിക്കാനാവുക എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിന്റെ ബാറ്റിങ് വ്യത്യസ്ത തലങ്ങളിലൂടെ കടന്നുപോകുന്നതാണ് എന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ പ്രതികരണം. ലോകകപ്പില്‍ അവസാനം വന്ന് സ്വപ്‌നതുല്യമായ പ്രകടനം നടത്തിയ സഞ്ജു, ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുമ്പോഴും അതേരീതി തുടരുന്നു. ആദ്യമത്സരങ്ങളില്‍ പരാജയപ്പെട്ടാലും പിന്നീട് മികച്ച രീതിയില്‍ തിരിച്ചുവരാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും ഫിഞ്ച് കൂട്ടിച്ചേർത്തു.
ഡല്‍ഹിക്കെതിരായ മത്സരത്തിൽ സഞ്ജുവിന്റെ മികവിൽ ചെന്നൈ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. 52 പന്തില്‍ 87 റണ്‍സെടുത്ത സഞ്ജു ആറു സിക്സും ഏഴ് ഫോറും നേടി. സഞ്ജുവിനൊപ്പം 31 പന്തില്‍ 41 റണ്‍സെടുത്ത (രണ്ട് സിക്സ്, നാല് ഫോർ) കാര്‍ത്തിക് ശര്‍മയും മികച്ച രീതിയിൽ പോരാടി. ഉര്‍വില്‍ പട്ടേല്‍ രണ്ടു സിക്സുകളോടെ 17 റണ്‍സെടുത്തു. എന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന് ആറു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
സഞ്ജുവിന്റെ തിരിച്ചുവരവിനെ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ 11 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ 'എല്‍ ക്ലാസിക്കോ'യില്‍ സെഞ്ച്വറി നേടിയ സഞ്ജുവിന്, പിന്നീട് മുംബൈക്കെതിരായ രണ്ടാം മത്സരമുൾപ്പെടെയുള്ള രണ്ടെണ്ണത്തിൽ ഫോം തുടരാനായില്ല. ഈ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലും (രാജസ്ഥാൻ-6, പഞ്ചാബ്-7, ആർസിബി-9) മികച്ച സ്കോർ കണ്ടെത്താൻ താരത്തിന് കഴിഞ്ഞില്ല. എന്നാൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ചെന്നൈയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറിയും (115), പിന്നീട് നടന്ന മത്സരത്തിൽ 87 റൺസും താരം നേടി.










0 comments