സഞ്ജു സാംസണും ധോണിയെപ്പോലെ 'കൂൾ': എറിക് സിമ്മൺസ്

സഞ്ജു സാംസൺ (ഇടത്) എറിക് സിമ്മൺസ് (വലത്)
ചെന്നൈ : ചെന്നൈ സൂപ്പർ കിങ്‌സ് താരം സഞ്ജു സാംസന്റെ ബാറ്റിങ് മികവിനെയും കളത്തിലെ ശാന്തതയെയും പ്രശംസിച്ച് സിഎസ്കെ ബൗളിങ് കോച്ച് എറിക് സിമ്മൺസ്. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയോട് സഞ്ജുവിനെ ഉപമിച്ച സിമ്മൺസ്, താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശാന്തനായ കളിക്കാരിലൊരാളാണ് ധോണിയെന്നും സഞ്ജു അതിൽ ഒട്ടും പിന്നിലല്ലെന്നും പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധോണിയോടൊപ്പം നിരവധി വർഷങ്ങൾ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശാന്തനായ ക്രിക്കറ്ററാണ്. ഗെയിമിനെക്കുറിച്ച് സഞ്ജുവിന് വ്യക്തമായ ധാരണയുണ്ട്, അമിതമായ പരിശീലനമോ പരിഭ്രാന്തിയോ അദ്ദേഹത്തിൽ ഞാൻ കണ്ടിട്ടില്ല, സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും സഞ്ജുവിനെപ്പോലൊരു താരത്തിന്റെ തിരിച്ചുവരവിൽ തങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും സിമ്മൺസ് കൂട്ടിച്ചേർത്തു. ഡൽഹിക്കെതിരെ 56 പന്തിൽ പുറത്താകാതെ 115 റൺസ് നേടിയാണ് സഞ്ജു കരുത്തറിയിച്ചത്.
ഈ സെഞ്ചുറിയോടെ ഐപിഎൽ ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികൾക്കായി സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന റെക്കോഡ് സഞ്ജു സ്വന്തമാക്കി. നേരത്തെ രാജസ്ഥാൻ റോയൽസിനായും (2019, 2021) ഡൽഹി ക്യാപിറ്റൽസിനായും (2017) സെഞ്ച്വറി നേടിയിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ 400 സിക്സറുകളും നേടി. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു.










0 comments