ചെക്ക് വലിച്ചെറിഞ്ഞ് സൽമാൻ ആഗ; ഇന്ത്യ നിരസിച്ച ട്രോഫിയുമായി സ്റ്റേഡിയം വിട്ട് നഖ്‌വി | Video

ദുബായ്: കളിക്കളത്തിന് അകത്തും പുറത്തും വിവാദച്ചൂട് വിട്ടുമാറാതെ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ- പാക് ഫൈനൽ പോരാട്ടം. ചാമ്പ്യൻമാർക്കുള്ള ട്രോഫി ഏഷ്യൻ കൗൺസിലിന്റെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെയും ചെയർമാനായ മൊഹ്‌സിൻ നഖ്‌വിയിൽനിന്ന് സ്വീകരിക്കാൻ ഇന്ത്യൻ ടീം തയ്യാറായില്ലായിരുന്നു. എമിറേറ്റ്സ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സരൂനിയിൽനിന്ന് ട്രോഫി വാങ്ങാമെന്ന് ഇന്ത്യൻ ടീം അറിയിച്ചെങ്കിലും എസിസി ഈ ആവശ്യം തള്ളി. പിന്നാലെ ഏഷ്യാകപ്പ് ട്രോഫിയും മെഡലുകളുമായും നഖ്‌വി സ്റ്റേഡിയം വിട്ടതായാണ് റിപ്പോർട്ട്.
കളി കഴിഞ്ഞ് ഒന്നേകാൽ മണിക്കൂർ വൈകിയാണ് സമ്മാനദാന ചടങ്ങ് തുടങ്ങിയത്. തോൽവിക്കുപിന്നാലെ ഗ്രൗണ്ട് വിട്ട പാക് താരങ്ങൾ ഡ്രസ്സിങ് റൂമിൽനിന്ന് പുറത്തിറങ്ങാതിരുന്നതാണ് വൈകാൻ കാരണം. തിരിച്ചെത്തിയ പാക് ക്യാപ്റ്റൻ സൽമാൻ ആഗ തനിക്ക് ലഭിച്ച രണ്ടാം സ്ഥാനക്കാർക്കുള്ള ചെക്കിന്റെ മാതൃക വലിച്ചെറിഞ്ഞ് തിരിച്ചുകയറിപ്പോയി.
ട്രോഫി ഇല്ലാതെയായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയാഘോഷം. ട്രോഫി കയ്യിൽ പിടിച്ചതായി അഭിനയിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഹതാരങ്ങളുമൊത്ത് ആഘോഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ട്രോഫി ലഭിക്കാതിരുന്നത് ദൗർഭാഗ്യകരമാണെന്നും, പാകിസ്ഥാനിലെ നേതാവ് ആയതിനാൽ നഖ്‌വിയിൽ നിന്ന് സ്വീകരിക്കില്ലെന്ന് തീരുമാനിച്ചതാണെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പ്രതികരിച്ചു. എത്രയും വേഗം ഇന്ത്യയ്ക്ക് ട്രോഫിയും മെഡലുകളും തിരികെ നൽകണം. നവംബറിൽ നടക്കുന്ന ഐസിസി യോഗത്തിൽ ബിസിസിഐ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും ദേവ്ജിത് സൈക്കിയ പറഞ്ഞു.










0 comments