ഐപിഎൽ ഒരു സിനിമ പോലെ, പിഎസ്എല്ലിലാണ് കടുത്ത പോരാട്ടം; വിവാദ പരാമർശവുമായി റിലി റൂസോ

ദുബായ്: ക്രിക്കറ്റ് ലോകത്തെ വമ്പൻ ടി20 ലീഗുകളായ ഇന്ത്യൻ പ്രീമിയർ ലീഗും പാകിസ്ഥാൻ സൂപ്പർ ലീഗും രണ്ടാം വർഷവും നേർക്കുനേർ എത്തുമ്പോൾ, വിപണിയിലും മൈതാനത്തും പോരാട്ടം മുറുകുന്നു. ഐപിഎൽ 2026 സീസണിന്റെ അതേ സമയക്രമത്തിൽ തന്നെ തങ്ങളുടെ ലീഗ് നടത്താനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം കായിക ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ഐപിഎൽ ടീമുകൾ പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരായി പിഎസ്എൽ താരങ്ങളെ റാഞ്ചിയതോടെ പല വിദേശ കളിക്കാരെയും പാകിസ്ഥാന് നഷ്ടമായിരിക്കുകയാണ്.ഐപിഎല്ലും പിഎസ്എല്ലും തമ്മിലുള്ള ഗുണനിലവാരത്തെക്കുറിച്ച് താരങ്ങൾക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ താരം റിലി റൂസോ ഐപിഎല്ലിനെതിരെ രംഗത്തെത്തിയതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഐപിഎൽ ഒരു ക്രിക്കറ്റ് ടൂർണമെന്റിനെക്കാൾ ഉപരി ബോളിവുഡിന്റെ സ്വാധീനമുള്ള ഒരു സിനിമ പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് റൂസോ പറഞ്ഞു. പിഎസ്എല്ലിലാണ് കൂടുതൽ കടുത്ത പോരാട്ടങ്ങൾ നടക്കുന്നതെന്നും ഒതുക്കമുള്ള ടൂർണമെന്റ് എന്ന നിലയിൽ പിഎസ്എൽ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സാമ്പത്തിക കാരണങ്ങളാലാണ് താൻ ഐപിഎൽ ഉപേക്ഷിച്ചതെന്ന് ഓസ്‌ട്രേലിയൻ സ്പിന്നർ ആദം സാംപ വ്യക്തമാക്കി. ഐപിഎല്ലിനായി ചെലവാക്കുന്ന അത്രയും സമയത്തിന് അനുയോജ്യമായ പ്രതിഫലം തന്റെ കഴിവിന് അവിടെ ലഭിക്കുന്നില്ലെന്ന് സാംപ തുറന്നടിച്ചു. നിലവിൽ പിഎസ്എല്ലിൽ കറാച്ചി കിങ്‌സിനായി കളിക്കുന്ന സാംപ, ഐപിഎല്ലിൽ പലപ്പോഴും പ്ലേയിങ് ഇലവന് പുറത്തിരിക്കേണ്ടി വരുന്നതിലുള്ള അതൃപ്തിയും പ്രകടിപ്പിച്ചു.
ലീഗുകൾ തമ്മിലുള്ള ഈ മത്സരം വിദേശ താരങ്ങളുടെ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. കരാർ ലംഘിച്ച് ഐപിഎല്ലിലേക്ക് ചേക്കേറിയ താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റിനപ്പുറം വമ്പൻ വാണിജ്യ താല്പര്യങ്ങൾ കൂടി ഒത്തുചേരുന്ന ഐപിഎല്ലിന്റെ സ്വാധീനത്തെ മറികടക്കാൻ പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചേക്കും.










0 comments