ad
Deshabhimani

സൽമാൻ നിസാറിന്‌ സെഞ്ചുറി; വാലറ്റത്തെ തകർപ്പൻ കൂട്ടുകെട്ടിൽ കേരളത്തിന്‌ ഒറ്റ റൺ ലീഡ്‌

Salman Nisar

സെഞ്ചുറി നേടിയ സൽമാൻ നിസാർ. PHOTO: KCA

വെബ് ഡെസ്ക്

Published on Feb 10, 2025, 02:05 PM | 1 min read

പുണെ: രഞ്ജിട്രോഫിയിലെ കേരളത്തിന്റെ സെമിഫൈനൽ മോഹങ്ങൾക്ക്‌ ശ്വാസം വീണു. ജമ്മു കശ്‌മീരിനെതിരായ മത്സരത്തിലെ ഒന്നാം ഇന്നിങ്‌സിൽ കേരളത്തിന്‌ ഒറ്റ റൺ ലീഡ്‌. മത്സരം സമനിലയായാൽ ഈ ലീഡിന്റെ ആനുകൂല്യത്തിൽ കേരളം സെമിയിൽ പ്രവേശിക്കും. കേരളത്തെ പരാജയപ്പെടുത്തിയാൽ മാത്രമേ ജമ്മു കശ്മീരിന്‌ ഇനി ടൂർണമെന്റിന്റെ അവസാന നാലിലെത്താൻ സാധിക്കുകയുള്ളൂ.


മത്സരത്തിന്റെ മൂന്നാം ദിനം ഒൻപത്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 200 റൺസുമായാണ്‌ കേരളം ബാറ്റിംഗ്‌ ആരംഭിച്ചത്‌. ഈ അവസ്ഥയിൽ ജമ്മു കശ്‌മീർ ഉയർത്തിയ 80 റൺസ്‌ ലീഡ്‌ മറികടക്കാമെന്ന്‌ കേരളം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പത്താം വിക്കറ്റിൽ ബേസിൽ തമ്പിയെ (35 പന്തിൽ 15) കൂട്ടുപിടിച്ച്‌ സൽമാൻ നിസാർ (172 പന്തിൽ 115) അസാമാന്യ പ്രകടനം പുറത്തെടുക്കുകയായിരുന്നു. 132 പന്തിൽ 81 റൺസാണ്‌ വാലറ്റത്ത്‌ സഖ്യം കൂട്ടിച്ചേർത്തത്‌.


ജമ്മു കശ്‌മീരിന്റെ പേസ്‌–സ്‌പിൻ ആക്രമണത്തെ ഒരു പോലെ നേരിട്ടാണ്‌ മത്സരത്തിൽ കേരളം ലീഡെടുത്തത്‌. സെഞ്ചുറി പൂർത്തിയാക്കിയ സൽമാൻ തന്നെയായിരുന്നു റണ്ണെടുക്കുന്നതിൽ മുന്നിൽ നിന്നത്‌. സ്പിന്നർ സഹിൽ ലോത്രയുടെ ഒരു ഓവറിൽ രണ്ടു സിക്സും രണ്ടു ഫോറും സഹിതം 20 റൺസാണ്‌ സൽമാൻ അടിച്ചെടുത്തത്‌.


കേരളത്തെ 281 റൺസിന്‌ പുറത്താക്കിയ ജമ്മു കശ്‌മീർ അവരുടെ രണ്ടാം ഇന്നിങ്‌സ്‌ ആരംഭിച്ചു. 20 ഓവറുകൾ പിന്നിട്ടപ്പോൾ 61ന്‌ രണ്ട്‌ എന്ന നിലയിലാണ്‌. കേരളത്തിനായി എം ഡി നിതീഷാണ്‌ രണ്ട്‌ വിക്കറ്റുകളും നേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home