പഞ്ചാബിന് ആദ്യതോൽവി; വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് രാജസ്ഥാൻ; കൂറ്റൻ വിജയലക്ഷ്യം അടിച്ചെടുത്തു

പഞ്ചാബ് കിങ്സിനെതിരെ മാൻ ഓഫ് ദി മാച്ചായ രാജസ്ഥാൻ റോയൽസിന്റെ ഡൊണോവൻ ഫെരേരയെ (വലത്ത്) സഹതാരം ശുഭം ദുബെ പുണരുന്നു | PHOTO CREDIT: BCCI
മുല്ലൻപൂർ: അജയ്യരായി മുന്നേറിയ പഞ്ചാബ് കിങ്‌സിന് രാജസ്ഥാൻ റോയൽസ് കടിഞ്ഞാണിട്ടു. ഐപിഎൽ ക്രിക്കറ്റിലെ കരുത്തൻ പോരിൽ ആറ് വിക്കറ്റിനാണ് ജയം. പഞ്ചാബ് ഉയർത്തിയ 223 റണ്ണിന്റെ കൂറ്റൻ ലക്ഷ്യം 19.2 ഓവറിൽ രാജസ്ഥാൻ അടിച്ചെടുത്തു.
ബാറ്റർമാരെല്ലാം ഒന്നിനൊന്ന് മിന്നിയപ്പോൾ ഡൊണോവൻ ഫെരേര (26 പന്തിൽ 52*), സ്വാധീന താരമായെത്തിയ ശുഭം ദുബെ (12 പന്തിൽ 31*) സഖ്യമാണ് ജയത്തിലേക്ക് നയിച്ചത്. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി (16 പന്തിൽ 43), യശസ്വി ജയ്‌സ്വാൾ (27 പന്തിൽ 51) എന്നിവരും ജയത്തിൽ പങ്കാളികളായി. പഞ്ചാബിന്റെ ആദ്യ തോൽവിയാണ്.
സ്‌കോർ: പഞ്ചാബ് 222/4; രാജസ്ഥാൻ 228/4 (19.2).
തോൽവിയറിയാതെ മുന്നേറിയ പഞ്ചാബ് രാജസ്ഥാനെതിരെ മികച്ച സ്‌കോറാണ് നേടിയത്. എന്നാൽ രാജസ്ഥാന്റെ മറുപടി അവരെ ഞെട്ടിച്ചു. സൂര്യവംശി പതിവുപോലെ സിക്‌സറുകൾ കൊണ്ട് തകർത്താടി. അഞ്ച് സിക്‌സറും മൂന്ന് --ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ജയ്‌സ്വാൾ ഒരു സിക്‌സറും ഏഴ് -ഫോറും പറത്തി. ഇരുവരും പുറത്തായശേഷം രാജസ്ഥാൻ പതറിയതാണ്. ക്യാപ്‌റ്റൻ റിയാൻ പരാഗിന്റെ (16 പന്തിൽ 29) ഇന്നിങ്‌സും മതിയായില്ല. എന്നാൽ അഞ്ചാം വിക്കറ്റിൽ ഫെരേര–ശുഭം സഖ്യം 32 പന്തിൽ 77 റണ്ണെടുത്ത് തകർപ്പൻ ജയമൊരുക്കുകയായിരുന്നു.
22 പന്തിൽ 62 റണ്ണുമായി പുറത്താകാതെനിന്ന മാർകസ് സ്‌റ്റോയിനിസാണ് പഞ്ചാബിനായി തിളങ്ങിയത്. ആറ് സിക്‌സറും നാല് ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ഓപ്പണർമാരായ പ്രഭ്‌സിമ്രാൻ സിങ്ങും (44 പന്തിൽ 59) പ്രിയാൻഷ് ആര്യയും (11 പന്തിൽ 29) കുതിപ്പിന് അടിത്തറയിട്ടു.
അവസാന രണ്ടോവറിലായിരുന്നു സ്‌റ്റോയിനിസിന്റെ കടന്നാക്രമണം. അവസാന ഓവർ എറിഞ്ഞ ബ്രിജേഷ് ശർമയെ രണ്ട് സിക്‌സറും നാല് ഫോറും ഉൾപ്പെടെ 24 റണ്ണിനാണ് ശിക്ഷിച്ചത്. കൂപ്പർ കൊണോളി (14 പന്തിൽ 30), ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ (27 പന്തിൽ 30) എന്നിവരും തിളങ്ങി.









0 comments