സൂര്യവന്‍ഷിക്ക് ശേഷം മറ്റൊരു താരോദയം; കൊൽക്കത്തയിൽ തിളങ്ങി രഘുവന്‍ഷി

കൊൽക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സംഘടിപ്പിച്ച പരിശീലന മത്സരത്തിൽ റൺമഴ. ടീം അംഗങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ പരിശീലന മത്സരത്തിൽ 21 കാരനായ യുവതാരം ആംഗ്രിഷ് രഘുവന്‍ഷിയുടെ വെടിക്കെട്ട് സെഞ്ച്വറി ശ്രദ്ധേയമായി. പർപ്പിൾ നൈറ്റ്‌സ്, ഗോൾഡൻ നൈറ്റ്‌സ് എന്നീ ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ബാറ്റർമാരുടെ ആധിപത്യമാണ് പ്രകടമായത്.
ഇന്ത്യന്‍ യുവതാരം ആംഗ്രിഷ് രഘുവന്‍ഷിയാണ് ഇടിവെട്ട് സെഞ്ച്വറിയോടെ മികച്ച ബാറ്റിങ്ങ് പുറത്തെടുത്തത്.മികച്ച സെഞ്ച്വറിയുമായി അദ്ദേഹം ടീമിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചു. വെറും 55 ബോളില്‍ താരം അടിച്ചെടുത്തത് 103 റണ്‍സാണ്. ഒമ്പതു ഫോറും അഞ്ചു കൂറ്റന്‍ സിക്സറുകളും അടങ്ങിയതായിരുന്നു രഘുവംശിയുടെ ഇന്നിങ്സ്.
2022 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ താരവുമായിരുന്നു രഘുവന്‍ഷി.ഡൽഹിയിൽ ജനിച്ച രഘുവന്‍ഷി 11 വയസുള്ളപ്പോൾ മുംബൈയിലേക്ക് താമസം മാറുകയും അഭിഷേക് നായരുടെയും ,ഓംകാർ സൽവിയുടെയും ശിക്ഷണത്തിൽ ഉയർന്നുവരുകയുമായിരുന്നു.2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലുടെ ഐപിഎലിൽ എത്തിയ രഘുവന്‍ഷി ആദ്യ മത്സരത്തിൽ തന്നെ 27 ബോളിൽ 54 റൺസ് എടുത്തു ബാറ്റിങ്ങിൽ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രചിൻ രവീന്ദ്ര നയിച്ച ഗോൾഡൻ നൈറ്റ്‌സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തിയിരുന്നു. 24 പന്തിൽ 46 റൺസെടുത്ത ടിം സെയ്‌ഫേർട്ടാണ് ടീമിന്റെ ടോപ്പ് സ്കോറർ. 25 പന്തിൽ 40 റൺസുമായി റിങ്കു സിംഗും തിളങ്ങി. എന്നാൽ ക്യാപ്റ്റൻ രചിൻ രവീന്ദ്ര (4) നേരത്തെ പുറത്തായി. മറുഭാഗത്ത് പർപ്പിൾ നൈറ്റ്‌സ് നായകൻ അജിങ്ക്യ രഹാനെയും (2) ബാറ്റിംഗിൽ നിരാശപ്പെടുത്തി.
ബൗളിംഗിൽ പർപ്പിൾ നൈറ്റ്‌സിനായി വരുൺ ചക്രവർത്തി മൂന്ന് ഓവറിൽ 37 റൺസ് വഴങ്ങിയെങ്കിലും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. പേസർ കാർത്തിക് ത്യാഗിയാണ് പന്തുകൊണ്ട് ശ്രദ്ധേയമായ പ്രകടനം നടത്തിയത്. നാല് ഓവറിൽ 30 റൺസ് മാത്രം വിട്ടുനൽകി താരം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വൈഭവ് അറോറ രണ്ട് വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ രഘുവംശിക്കൊപ്പം ഫിൻ അല്ലൻ (23), അൻകുൽ റോയ് (28), രമൺദീപ് സിംഗ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതോടെ പർപ്പിൾ നൈറ്റ്‌സ് ലക്ഷ്യം കണ്ടു.










0 comments