തോറ്റാൽ പുറത്ത്, ഡൽഹിക്ക് ഇന്ന് അഗ്നിപരീക്ഷ; പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ പഞ്ചാബ് കിങ്‌സ്

Photo Credit: BCCI
ധർമ്മശാല: സീസണിന്റെ തുടക്കത്തിൽ പോയിന്റ് പട്ടികയിൽ ആധിപത്യം പുലർത്തിയിരുന്ന പഞ്ചാബ് കിംഗ്‌സ് തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താൻ ഇന്ന് ധർമ്മശാലയിൽ ഇറങ്ങുന്നു.
ഏഴ് മത്സരങ്ങളിൽ ആറും വിജയിച്ചു കുതിച്ചിരുന്ന പഞ്ചാബിന് പിന്നീട് കളിച്ച 3 മത്സരങ്ങളിലും തോറ്റതോടെ പട്ടികയിൽ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. എങ്കിലും ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ വിജയിക്കാനായാൽ അവർക്ക് വീണ്ടും പോയിന്റ് പട്ടികയിൽ തലപ്പത്തെത്താൻ സാധിക്കും.
എന്നാൽ പരാജയപ്പെട്ടാൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനുള്ള പഞ്ചാബിന്റെ മോഹങ്ങൾക്ക് അത് കടുത്ത വെല്ലുവിളിയാകും.
ഫീൽഡിങ്ങിലെ പിഴവുകളാണ് പഞ്ചാബ് കിംഗ്‌സിനെ ഇപ്പോൾ പ്രധാനമായും വലയ്ക്കുന്നത്. ഈ സീസണിൽ ഇതുവരെ 16 ക്യാച്ചുകളാണ് പഞ്ചാബ് താരങ്ങൾ കൈവിട്ടത്. ശശാങ്ക് സിംഗ് മാത്രം അഞ്ച് ക്യാച്ചുകൾ നിലത്തിട്ടു എന്നത് ടീമിന് വലിയ തലവേദനയാകുന്നു.
ബൗളിങ്ങിൽ അർഷ്ദീപ് സിംഗിന്റെ ഫോമില്ലായ്മയും ടീമിനെ ബാധിച്ചിട്ടുണ്ട്. ഏഴ് മത്സരങ്ങളിൽ പത്തിന് മുകളിൽ ഇക്കോണമി റേറ്റിലാണ് അർഷ്ദീപ് പന്തെറിഞ്ഞത്. ഇതേസമയം, അസ്മത്തുള്ള ഒമർസായ് ടീമിനൊപ്പം ചേരുന്നത് പഞ്ചാബ് നിരയ്ക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറുഭാഗത്ത് ഡൽഹി ക്യാപിറ്റൽസ് ഏതാണ്ട് ടൂർണമെന്റിൽ നിന്ന് പുറത്തായ മട്ടിലാണ്. അവസാന ആറ് മത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ട ഡൽഹിയുടെ ക്യാപ്റ്റൻ അക്ഷർ പട്ടേൽ, ഇനി അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളെക്കുറിച്ചാണ് സംസാരിക്കുന്നത്.
എങ്കിലും ഡൽഹിക്ക് പ്ലേ ഓഫ് സാധ്യതകൾ സാങ്കേതികമായി അവശേഷിക്കുന്നുണ്ട്. ഇന്ന് പഞ്ചാബിനോട് പരാജയപ്പെടുകയാണെങ്കിൽ ഡൽഹി ഈ സീസണിലെ പ്ലേ ഓഫ് റേസിൽ നിന്ന് ഔദ്യോഗികമായി പുറത്താകും. മുംബൈ ഇന്ത്യൻസിനും ലഖ്‌നൗവിനും പിന്നാലെ പുറത്താകുന്ന മൂന്നാമത്തെ ടീമായി ഡൽഹി മാറും.
ഡൽഹി നിരയിൽ ഓപ്പണർ കെ എൽ രാഹുലിന്റെ ബാറ്റിംഗ് മാത്രമാണ് ഏക ആശ്വാസം. 468 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് രാഹുൽ. പഞ്ചാബിനെതിരായ ആദ്യ പാദ മത്സരത്തിൽ പുറത്താകാതെ 152 റൺസ് നേടിയ രാഹുൽ ഇന്നും ആ ഫോം തുടരുമെന്നാണ് ഡൽഹിയുടെ പ്രതീക്ഷ.
ധർമ്മശാലയിലെ തണുത്ത കാലാവസ്ഥയിൽ ടോസ് നേടുന്നവർ ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലിലും ആദ്യം ബാറ്റ് ചെയ്തവരാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. രാത്രിയിൽ മഴയ്ക്ക് നേരിയ സാധ്യതയുണ്ടെങ്കിലും മത്സരം തടസ്സപ്പെടില്ലെന്നാണ് റിപ്പോർട്ടുകൾ.









0 comments