ടി20 ലോകകപ്പ്
യുടേൺ അടിച്ച് പാകിസ്ഥാൻ; 15ന് കൊളംബോയിൽ ഇന്ത്യയുമായി മത്സരിക്കും

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ ഇന്ത്യ- പാകിസ്ഥാൻ മത്സരം നടക്കും. മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പിന്മാറി. ഇതോടെ 15-ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കളിക്കും.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാകിസ്ഥാൻ സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായുള്ള (ഐസിസി) ചർച്ചകൾക്കൊടുവിൽ ടീമിനെ പങ്കെടുപ്പിക്കാൻ തിങ്കളാഴ്ച അനുമതി നൽകി. ഐസിസി ഡയറക്ടർമാർ ലാഹോറിൽ വെച്ച് പിസിബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും പാകിസ്ഥാൻ പങ്കെടുക്കുമെന്ന് ഐസിസി പ്രസ്താവനയിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഈ തീരുമാനത്തിന് പിന്നിൽ വലിയ രീതിയിലുള്ള നയതന്ത്ര ഇടപെടലുകൾ നടന്നിട്ടുണ്ട്. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ ടെലിഫോൺ സംഭാഷണവും, ബംഗ്ലാദേശ്, യുഎഇ എന്നീ രാജ്യങ്ങളുടെ അഭ്യർഥനയും പാകിസ്ഥാന്റെ മനംമാറ്റത്തിന് കാരണമായി.
അതേസമയം, ഐപിഎൽ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ലോകകപ്പിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശിന് ഐസിസി പിഴ ചുമത്തില്ലെന്ന് അറിയിച്ചു. പകരം 2041-ന് മുമ്പ് ഒരു അധിക ഐസിസി ഇവന്റ് ആതിഥേയത്വം വഹിക്കാൻ ബംഗ്ലാദേശിന് അവസരം നൽകും. ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ചതുപോലെ നടക്കുമെന്ന വാർത്തയെ ശ്രീലങ്കൻ പ്രസിഡന്റ് സ്വാഗതം ചെയ്തു. 1996 ലോകകപ്പ് കാലത്ത് ഇരുരാജ്യങ്ങളും ശ്രീലങ്കയ്ക്ക് നൽകിയ പിന്തുണ അനുസ്മരിക്കുകയും ചെയ്തു.










0 comments