നാണം കെട്ട് പാകിസ്ഥാൻ: എറിഞ്ഞിട്ടത് ഓസീസ് പരിശീലകന്റെ കരുത്തിലെന്ന് ബംഗ്ലാദേശ് പേസർ

പാകിസ്ഥാൻ ക്യാപ്റ്റൻ ഷഹീൻ അഫ്രീദിയുടെ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ് ക്യാപ്‌റ്റൻ മെഹ്ദി ഹസൻ മിറാസിന്റെ ആഹ്ലാദം| Photo: AFP
ധാക്ക: ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ മുറിവുണക്കാനായി ബംഗ്ലദേശിൽ എത്തിയ പാകിസ്ഥാൻ ടീമിന് നാണം കെട്ട തോൽവി. പാകിസ്ഥാനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ബംഗ്ലാദേശിന് എട്ട് വിക്കറ്റ് ജയം നേടി. കളിയിലെ താരമായ യുവ പേസർ നഹിദ് റാണയാണ് അഞ്ച് വിക്കറ്റെടുത്ത് പാകിസ്ഥാൻ ബാറ്റിങ്നിരയെ തകർത്തത്.
ഇരുപത്തിമൂന്നുകാരനായ നഹിദ് റാണ ഏഴ് ഓവറിൽ 24 റൺ വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. തന്റെ മികച്ച പ്രകടനത്തിന് പിന്നിൽ മുൻ ഓസ്‌ട്രേലിയൻ താരവും നിലവിലെ ഫാസ്റ്റ് ബൗളിങ് പരിശീലകനുമായ ഷോൺ ടൈറ്റാണെന്ന് താരം വെളിപ്പെടുത്തി. ഉയർന്ന തലത്തിൽ കളിക്കാനുള്ള ആത്മവിശ്വാസം നൽകിയത് ടൈറ്റാണെന്ന് നഹിദ് റാണ പറഞ്ഞു. .
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ 30.4 ഓവറിൽ 114 റണ്ണിന് പുറത്തായി. ബംഗ്ലാദേശ് 12.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. എട്ട് വർഷത്തെ ഇടവേളക്കുശേഷമാണ് ബംഗ്ലാദേശിന്റെ ജയം. 2018ൽ ഏഷ്യാകപ്പിലായിരുന്നു അവസാനത്തേത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഓപ്പണർമാരായ സാഹിദ്‌സദ ഫർഹാനും (27) മാസ് സദാഖത്തും (18) മികച്ച തുടക്കം നൽകി. ഇരുവരും 10 ഓവറിൽ 41 റൺ കുറിച്ചശേഷമാണ് കൂട്ടത്തകർച്ച. അടുത്ത 41 റണ്ണെടുത്തപ്പോഴേക്കും ഒമ്പത് വിക്കറ്റ് നഷ്‌ടമായി. സ്‌പിന്നറായ ക്യാപ്‌റ്റൻ മെഹ്ദി ഹസൻ മിറാസിന് മൂന്ന്‌വിക്കറ്റുണ്ട്.
ചെറിയ ലക്ഷ്യമായ 115 റണ്ണിലെത്താൻ ബംഗ്ലാദേശിന് അധികം കഷ്‌ടപ്പെടേണ്ടിവന്നില്ല. 42 പന്തിൽ 67 റണ്ണുമായി ഓപ്പണർ തൻസിദ് ഹസൻ തമീം നയിച്ചു. ഏഴ് ഫോറും അഞ്ച് സിക്‌സറുമടിച്ചാണ് വിജയം അനായാസമാക്കിയത്. മൂന്ന് റണ്ണുമായി ലിറ്റൺ ദാസ് ഒപ്പമുണ്ടായിരുന്നു. സെയ്‌ഫ് ഹസന്റെയും (4) നജ്‌മൽ ഹുസൈൻ ഷാന്റോയുടെയും (27) വിക്കറ്റുകളാണ് നഷ്‌ടമായത്. മൂന്ന് മത്സരപരമ്പരയിൽ ബംഗ്ലാദേശിന് 1–0 ലീഡായി. രണ്ടാമത്തെ കളി വെള്ളിയാഴ്‌ചയാണ്.










0 comments