ad
Deshabhimani

347 റൺസ് പിന്തുടർന്ന് ജയം; വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന റൺ ചേസുമായി ന്യൂസിലൻഡ്

SA VS NZ
വെബ് ഡെസ്ക്

Published on Apr 01, 2026, 12:18 PM | 1 min read

വെല്ലിംഗ്ടൺ: വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോർഡ് റൺ ചേസുമായി ന്യൂസിലൻഡ്. വെല്ലിംഗ്ടണിലെ ബേസിൻ റിസർവ്വിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 347 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ മറികടന്നാണ് കിവികൾ ചരിത്രം കുറിച്ചത്.


ഓപ്പണർ അമേലിയ കെറിന്റെ 139 പന്തിൽ പുറത്താകാതെ 179 റൺസ് വിസ്മയകരമായ ഇന്നിഗ്‌സാണ് അസാധ്യമെന്ന് കരുതിയ വിജയം ന്യൂസിലൻഡിന് സമ്മാനിച്ചത്.


347 റൺസ് പിന്തുടർന്ന ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സൂസി ബേറ്റ്‌സിനെ തുടക്കത്തിൽ തന്നെ നഷ്ടമായ കിവികൾ പകുതി ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 120 എന്ന പതറുന്ന നിലയിലായിരുന്നു.


എന്നാൽ അഞ്ചാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇസബെല്ല ഗെയ്‌സിനെ (48 പന്തിൽ 68) കൂട്ടുപിടിച്ച് അമേലിയ കെർ നടത്തിയ പ്രത്യാക്രമണം മത്സരത്തിന്റെ ഗതി മാറ്റി. ഇരുവരും ചേർന്ന് വെറും 82 പന്തിൽ 120 റൺസാണ് കൂട്ടിച്ചേർത്തത്.


90 പന്തിൽ തന്റെ അഞ്ചാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയ അമേലിയ, പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് സംഹാരരൂപം പ്രാപിക്കുകയായിരുന്നു. സെഞ്ച്വറിക്ക് ശേഷമുള്ള 79 റൺസ് വെറും 49 പന്തിൽ നിന്നാണ് താരം അടിച്ചുകൂട്ടിയത്.


ഇതോടെ വനിതാ ഏകദിന ക്രിക്കറ്റിൽ ഒരു ടീം വിജയകരമായി പിന്തുടരുന്ന ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് ന്യൂസിലൻഡിന് സ്വന്തമായി. 99.4 ഓവറിൽ ഇരുടീമുകളും കൂടി 696 റൺസാണ് ഈ മത്സരത്തിൽ അടിച്ചുകൂട്ടിയത്.


നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ലോറ വോൾവാർട്ട് (69), ആനെക്കെ ബോഷ് (91), ക്ലോ ട്രയോൺ (52*) എന്നിവരുടെ കരുത്തിലാണ് 346 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.


രണ്ടാം വിക്കറ്റിൽ വോൾവാർട്ടും ബോഷും ചേർന്ന് 132 റൺസ് കൂട്ടിച്ചേർത്തപ്പോൾ ദക്ഷിണാഫ്രിക്ക പരമ്പര ഉറപ്പിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ അമേലിയ കെറിന്റെ അവിശ്വസനീയ ബാറ്റിംഗ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home