മാറ്റത്തിന്റെ പാതയിൽ കിവി ക്രിക്കറ്റ്; ഫ്രാഞ്ചൈസി മാതൃകയിൽ ന്യൂസീലൻഡ് ട്വൻറി 20 ലീഗ് വരുന്നു

ഓക്ലൻഡ്: ന്യൂസിലൻഡിന്റെ ആഭ്യന്തര ട്വന്റി 20 ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ 21 വർഷമായി നിലവിലുള്ള സൂപ്പർ സ്മാഷ് ടൂർണമെന്റിന് പകരമായി ന്യൂസീലൻഡ് ട്വൻറി 20 (NZ20) എന്ന പുതിയ ഫ്രാഞ്ചൈസി ലീഗിനെ തങ്ങളുടെ മുൻഗണനാ ഓപ്ഷനായി ബോർഡ് തിരഞ്ഞെടുത്തു.
നിലവിൽ ഇതൊരു അന്തിമ തീരുമാനമല്ലെങ്കിലും, പുതിയ ലീഗിന് ബോർഡ് തത്വത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞു. ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗുമായി സഹകരിക്കാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞുകൊണ്ടാണ് സ്വന്തം നിലയിൽ പുതിയ ലീഗ് തുടങ്ങാൻ ന്യൂസിലൻഡ് തീരുമാനിച്ചത്.
കരീബിയൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ, സ്വതന്ത്രമായ ഭരണസംവിധാനത്തിന് കീഴിലാകും ന്യൂസീലൻഡ് ട്വൻറി 20 പ്രവർത്തിക്കുക. ഇതിനായി ന്യൂസിലൻഡ് ക്രിക്കറ്റ് ലൈസൻസ് അനുവദിക്കുമെങ്കിലും ലീഗിന്റെ നടത്തിപ്പ് സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും.
വനിതാ ക്രിക്കറ്റിന് പുതിയ ലീഗിൽ അർഹമായ പ്രാധാന്യം ലഭിക്കണമെന്ന കർശന നിബന്ധന ബോർഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിലെ നിർദ്ദേശത്തിൽ വനിതാ വിഭാഗത്തിന് കൂടുതൽ പ്രാധാന്യം ഉറപ്പാക്കുന്ന മാറ്റങ്ങൾ വരുത്തണമെന്ന് ബോർഡ് ചെയർപേഴ്‌സൺ ഡയാന പുകേതപു ലിൻഡൻ ആവശ്യപ്പെട്ടു. പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കുന്നതിനൊപ്പം യുവതാരങ്ങൾക്ക് തങ്ങളുടെ ഹീറോകളെ നേരിട്ട് കാണാനുള്ള അവസരവും പുതിയ ലീഗ് ഒരുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
സോഫി ഡിവൈൻ, ജെയിംസ് നീഷം, ബ്രൂക്ക് ഹാലിഡേ തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകൾ കളിക്കാർക്ക് നൽകുന്ന അവസരങ്ങൾ ചെറുതല്ലെന്നും, ന്യൂസിലൻഡിൽ ഇത്തരമൊരു ലീഗ് വരുന്നത് യുവതാരങ്ങൾക്ക് വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നും താരങ്ങൾ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ 'ദ ഹണ്ട്രഡ്', ദക്ഷിണാഫ്രിക്കയിലെ 'എസ്എ 20' എന്നിവയുടെ വിജയം ചൂണ്ടിക്കാട്ടിയാണ് നീഷം ഈ മാറ്റത്തെ പിന്തുണച്ചത്.
സ്‌പോർട്‌സ് ഇന്റഗ്രിറ്റി കമ്മീഷൻ തലവൻ ഡോൺ മക്കിന്നന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ന്യൂസീലൻഡ് ട്വൻറി 20 എന്ന ആശയം അവതരിപ്പിച്ചത്. സ്റ്റീഫൻ ഫ്ലെമിംഗ് ഉൾപ്പെടെയുള്ള മുൻ താരങ്ങളുടെ പിന്തുണയും ഈ പദ്ധതിക്കുണ്ട്. 2027 ജനുവരിയിൽ ലീഗ് ആരംഭിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്. എന്നാൽ ഒമ്പത് മാസത്തിനുള്ളിൽ ഇത്രയും വലിയൊരു ടൂർണമെന്റ് സജ്ജമാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ സജീവമാണ്.










0 comments